ഉത്തരാഖണ്ഡിനെതിരെ കരുത്ത് കാട്ടി കേരളം, വിനൂ മങ്കഡ് ട്രോഫിയിലെ തുടര്‍ച്ചയായ രണ്ടാം ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ മത്സരത്തിൽ ബംഗാളിനോട് ത്രസിപ്പിക്കുന്ന വിജയം നേടിയെടുത്ത കേരളത്തിന് വിനൂ മങ്കഡ് ട്രോഫിയിൽ ഇന്ന് രണ്ടാമത്തെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തരാണ്ഡിനെ 39.2 ഓവറിൽ 133 റൺസിന് പുറത്താക്കിയ ശേഷം കേരളം ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ 39 ഓവറിൽ മറികടക്കുകയായിരുന്നു.

മോഹിത് ഷിബു, വിനയ് വര്‍ഗീസ്, പ്രീതിഷ്, ഷൗൺ റോജര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയാണ് കേരള ബൗളര്‍മാരിൽ തിളങ്ങിയത്. വിജയ് എസ് വിശ്വനാഥും ഗൗതം മോഹനും ഓരോ വിക്കറ്റും നേടി. 88/9 എന്ന നിലയിലേക്ക് വീണ ഉത്തരാഖണ്ഡിനെ 45 റൺസിന്റെ പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് വലിയ നാണക്കേടിൽ നിന്ന് കരകയറ്റിയത്. 29 റൺസ് നേടിയ സത്യം ബാലിയനും 19 റൺസുമായി പുറത്താകാതെ നിന്ന സുഹൈലുമാണ് ഈ ചെറുത്തുനില്പുയര്‍ത്തിയത്. സന്‍സ്കാര്‍ റാവത് 25 റൺസ് നേടി.

കേരളത്തിനായി അഭിഷേക് ജെ നായര്‍ 37 റൺസുമായി ടോപ് സ്കോറര്‍ ആയി. ഷൗൺ റോജര്‍(22), രോഹന്‍ നായര്‍(22) എന്നിവര്‍ക്കൊപ്പം പ്രീതിഷ് 16 റൺസുമായി പുറത്താകാതെ നിന്നു. ആസിഫ് അലിയാണ്(8*) പുറത്താകാതെ നിന്ന മറ്റൊരു ബാറ്റ്സ്മാന്‍. ക്യാപ്റ്റന്‍ വരുൺ നായനാര്‍ 14 റൺസ് നേടി പുറത്തായി.