23 റണ്‍സ് ലീഡ് നേടി കേരളം, വിക്കറ്റുകള്‍ കൊയ്ത് സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, നിധീഷ് എംഡി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഗുജറാത്തിനെതിരെ രഞ്ജി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിര്‍ണ്ണായകമായ 23 റണ്‍സിന്റെ ലീഡ് നേടി കേരളം. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിനു അവസാനിപ്പിച്ചാണ് നിര്‍ണ്ണായകമായ ലീഡ് നേടുവാന്‍ കേരളത്തിനു സാധിച്ചത്. സന്ദീപ് വാര്യര്‍ 4 വിക്കറ്റ് നേടിയപ്പോള്‍ ബേസില്‍ തമ്പി, നിധീഷ് എംഡി എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

വാലറ്റത്തില്‍ റൂഷ് കലാരിയയുടെ ചെറുത്ത് നില്പാണ് കേരളത്തിന്റെ വലിയ ലീഡെന്ന സ്വപ്നത്തെ തകര്‍ത്തത്. ഒരു ഘട്ടത്തില്‍ 107/7 എന്ന നിലയിലേക്ക് വീണ് ഗുജറാത്തിനെ റൂഷിന്റെ 36 റണ്‍സാണ് ലീഡ് 23 റണ്‍സ് മാത്രമായി ഒതുക്കുവാന്‍ സഹായിച്ചത്. 36 റണ്‍സ് നേടിയ റൂഷ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് പുറത്തായത്.

97/4 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്തിനു ആദ്യം നഷ്ടമായത് റുജുല്‍ ഭട്ടിനെയായിരുന്നു. 14 റണ്‍സ് നേടിയ താരത്തിനെ സന്ദീപ് വാര്യര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. ധ്രുവല്‍ റാവലിനെ(17) ബേസില്‍ തമ്പി പുറത്താക്കിയപ്പോള്‍ അക്സര്‍ പട്ടേലിന്റെ അന്ത്യം സന്ദീപ് വാര്യറുടെ കൈകളിലായിരുന്നു.

എട്ടാം വിക്കറ്റില്‍ 30 റണ്‍സ് നേടി പിയൂഷ് ചൗളയും റൂഷ് കലാരിയയും ഗുജറാത്തിനു ജീവ വായു സമ്മാനിക്കുകയായിരുന്നു. ഗുജറാത്ത് ഇന്നിംഗ്സിലെ അവസാന മൂന്ന് വിക്കറ്റും വീഴ്ത്തി നിധീഷ് എംഡിയും കേരളത്തിനായി തിളങ്ങി.