13 ഓവറാക്കി ചുരുക്കിയ ആന്ധ്ര കേരളം സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിനു 120 റണ്‍സ്. മികച്ച തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകള്‍ വീണപ്പോള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ സ്കോറെ കേരളത്തിനു നേടാനായുള്ളു. ഫോമിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസണും വെടിക്കെട്ട് വീരന്‍ വിഷ്ണു വിനോദും നല്‍കിയ തുടക്കം മുതലാക്കാന്‍ കേരളത്തിനു കഴിയാതെ പോകുകയായിരുന്നു. ആന്ധ്രയ്ക്കെതിരെയുള്ള സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റിലെ മൂന്നാം മത്സരത്തിലാണ് കേരളം ആദ്യം ബാറ്റ് ചെയ്ത് 120 റണ്‍സ് നേടിയത്. ഏഴാം ഓവറില്‍ 83/1 എന്ന നിലയില്‍ നിന്നാണ് കേരളം 12ാം ഓവറില്‍ 120 റണ്‍സിനു ഓള്‍ഔട്ട് ആയത്.
ടോസ് നേടിയ ആന്ധ്ര കേരളത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 4.2 ഓവറില്‍ 50 റണ്‍സ് തികച്ച കേരളത്തിനു വേണ്ടി ഒന്നാം വിക്കറ്റില്‍ സഞ്ജു-വിഷ്ണു കൂട്ടുകെട്ട് 65 റണ്‍സാണ് നേടിയത്. സഞ്ജു 19 പന്തില്‍ 32 റണ്‍സ് നേടി പുറത്താകുമ്പോള്‍ കേരളത്തിന്റെ സ്കോര്‍ 5.4 ഓവറില്‍ 65 റണ്‍സായിരുന്നു.
തൊട്ടടുത്ത ഓവറില്‍ വിഷ്ണു വിനോദും മടങ്ങിയതോടെ കേരളത്തിന്റെ സ്കോറിംഗ് നിരക്ക് മന്ദ ഗതിയിലായി. ഒപ്പം വിക്കറ്റുകളും ഏളുപ്പത്തില്‍ നഷ്ടമായത് ടീമിന്റെ സ്കോറിംഗിനെ വല്ലാതെ ബാധിച്ചു. 20 പന്തില്‍ 45 റണ്‍സാണ് വിഷ്ണു അടിച്ചുകൂട്ടിയത്. 3 ബൗണ്ടറിയും 4 സിക്സും ഉള്‍പ്പെട്ട ഇന്നിംഗ്സായിരുന്നു വിഷ്ണു വിനോദിന്റെ. അധികം വൈകാതെ അരുണ്‍ കാര്‍ത്തികിനെയും കേരളത്തിനു നഷ്ടമായി. 83/1 എന്ന നിലയില്‍ നിന്ന് 95/5 എന്ന നിലയിലേക്ക് കേരളം വീഴുന്ന കാഴ്ചയാണ് പിന്നീട് വൈസാഗില്‍ കണ്ടത്. ഹരിശങ്കര്‍ റെഡ്ഢിയുടെ ബൗളിംഗിനു മുന്നില്‍ കേരള മധ്യനിര കുഴങ്ങിയപ്പോള്‍ 12 റണ്‍സ് എടുക്കുന്നതിനിടയില്‍ കേരളത്തിനു 4 വിക്കറ്റുകളാണ് നഷ്ടമായത്. പിന്നീട് 12ാം ഓവറില്‍ കേരളം 120 റണ്‍സിനു ഓള്‍ഔട്ട് ആയി.
മത്സരത്തില്‍ തന്റെ അരങ്ങേറ്റം കുറിച്ച ഹരിശങ്കര്‍ റെഡ്ഢി നാല് വിക്കറ്റും അയ്യപ്പ് ഭണ്ഡാരു മൂന്ന് വിക്കറ്റും നേടി. ഭാര്‍ഗവ് ഭട്ട്, ഹനുമന വിഹാരി, ഗിരിനാഥ് റെഡ്ഢി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial