വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനെ തോൽപ്പിച്ച് കേരളം. 62 റൺസിനാണ് കേരളം ഹൈദരാബാദിനെ തോൽപ്പിച്ചത്. ഹൈദരാബാദ് മുൻനിരയുടെ നട്ടെല്ലൊടിച്ച ബൗളിംഗ് പ്രകടനം നടത്തിയ ആസിഫിന്റെ ബൗളിംഗാണ് കേരളത്തിന് ജയം അനായാസമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ 227 റൺസ് മാത്രമാണ് എടുത്തത്. എന്നാൽ ആസിഫ് ബൗളിങ്ങിൽ ഉഗ്രരൂപം പൂണ്ടപ്പോൾ ഹൈദരാബാദ് 165 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഹൈദരാബാദിന്റെ ആദ്യ നാല് വിക്കറ്റുകൾ വെറും 12 റൺസ് സ്കോർ ബോർഡിൽ നിൽക്കുമ്പോഴാണ് ആസിഫ് വീഴ്ത്തിയത്.
തുടർന്ന് തന്മയ് അഗർവാളും രോഹിത് റായ്ഡുവും മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച് മത്സരത്തിൽ ആധിപത്യം പുലർത്താൻ ശ്രമിച്ചെങ്കിലും കേരള ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ജയം ഉറപ്പിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി ആസിഫ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബേസിൽ തമ്പിയും അക്ഷയ് ചന്ദ്രനും വാര്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയ് ഹസാരെയിൽ കേരളത്തിന്റെ ആദ്യ ജയമായിരുന്നു ഇത്.
നേരത്തെ ടോസ് നഷ്ട്ടപെട്ട ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മികച്ച സ്കോർ കണ്ടെത്താനായിരുന്നില്ല. കേരളത്തിന് വേണ്ടി സഞ്ജു സാംസൺ 36 റൺസും രാഹുൽ പി 35 റൺസും റോബിൻ ഉത്തപ്പ 33 റൺസും സച്ചിൻ ബേബി 32 റൺസുമെടുത്ത് പുറത്തായി.