“ഗെയിം പ്ലാൻ മാറ്റിയതാണ് രോഹിത് ശർമ്മ ടെസ്റ്റിൽ തിളങ്ങാൻ കാരണം”

Staff Reporter

ടെസ്റ്റ് മത്സരത്തിന് അനുസരിച്ച് രോഹിത് ശർമ്മ ഗെയിം പ്ലാൻ മാറ്റിയതാണ് താരം ടെസ്റ്റിൽ തിളങ്ങാൻ കാരണമെന്ന് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ റാത്തോർ. തന്റെ കളിയിൽ രോഹിത് ശർമ്മ വരുത്തിയ മാനസികമായ മാറ്റമാണ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് കാരണമായതെന്നും റാത്തോർ പറഞ്ഞു.

രോഹിത്തിനെ പോലെയുള്ള മികച്ച കഴിവുള്ള ഒരു താരത്തിന് ടെസ്റ്റ് കളിക്കുന്നതിന് വേണ്ടി മാനസികമായ മാറ്റം മാത്രം മതിയെന്നും സാങ്കേതികമായി ഒന്നും ചെയ്യേണ്ടതില്ലെന്നും റാത്തോർ പറഞ്ഞു. രോഹിത്തിനെ പോലെ മികച്ച കഴിവുള്ള ഒരു താരം ഏതു ഫോർമാറ്റിലും കളിക്കാൻ പറ്റുന്ന ഒരാളെന്നും റാത്തോർ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമ്മ രണ്ട് ഇന്നിങ്സിലും സെഞ്ചുറി പുറത്തെടുത്തിരുന്നു. മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മ നേടിയ സെഞ്ചുറി താരത്തിന്റെ പരമ്പരയിലെ മൂന്നാമത്തെ സെഞ്ചുറിയായിരുന്നു. നിലവിൽ 117 റൺസ് എടുത്ത് രോഹിത് ശർമ്മ പുറത്താവാതെ നിൽക്കുകയാണ്.