അനായാസ ജയം നേടി ഇന്ത്യ, നാല് വീതം വിക്കറ്റുമായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും ബാറ്റിംഗില്‍ തിളങ്ങി സ്മൃതി

ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ച് കൂടിയായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 43.3 ഓവറില്‍ 161 റണ്‍സിനു പുറത്താക്കിയ ഇന്ത്യ ലക്ഷ്യം 41.1 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. നത്താലി സ്കിവര്‍ 85 റണ്‍സുമായി തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര മികവ് പുറത്ത് വരാത്തതാണ് ടീമിനു തിരിച്ചടിയായത്. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും 4 വീതം വിക്കറ്റ് നേടിയപ്പോള്‍ പൂനം യാദവിനു രണ്ട് വിക്കറ്റ് ലഭിച്ചു. 28 റണ്‍സ് നേടിയ ലൗറന്‍ വിന്‍ഫീല്‍ഡും 20 റണ്‍സ് നേടിയ താമി ബ്യൂമോണ്ടുമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ജെമീമ റോഡ്രിഗസിനെ വേഗത്തില്‍ നഷ്ടമായെങ്കിലും സ്മൃതി മന്ഥാനയുടെയും പൂനം റൗത്ത്, മിത്താലി രാജ് എന്നിവരുടെയും മികവില്‍ ഇന്ത്യ വിജയം കുറിയ്ക്കുകയായിരുന്നു. സ്മൃതി 63 റണ്‍സും പൂനം 32 റണ്‍സും നേടി പുറത്തായപ്പോള്‍ മിത്താലി 47 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.