സുഗിറ്റയെ തകർത്ത് നദാൽ,രണ്ടാം റൗണ്ടിൽ എതിരാളി നിക്ക് ക്യൂരിയോസ്‌

ഫ്രഞ്ച് ഓപ്പണിൽ നിന്നുളള മാറ്റം ആദ്യം അല്പമൊന്നു വലച്ച പോലെയാണ് നദാൽ ജപ്പാൻ താരം സുഗിറ്റക്കെതിരെ മത്സരം തുടങ്ങിയത്. നദാലിന്റെ ആദ്യ സർവ്വീസ് തന്നെ ബ്രൈക്ക് ചെയ്ത സുഗിറ്റ നദാലിന്റെ രണ്ടാം സർവ്വീസിലും 3 ബ്രൈക്ക് പോയിന്റ് നേടിയപ്പോൾ ആരാധകർ അല്പമൊന്നു പതച്ചു. എന്നാൽ ഓരോ ബ്രൈക്ക് പോയിന്റും മറികടന്ന നദാൽ സുഗിറ്റയുടെ അടുത്ത സർവ്വീസ് ബ്രൈക്ക് ചെയ്തു മറുപടി തുടങ്ങി. പിന്നീട്‌ സുഗിറ്റക്ക് വലിയ അവസരങ്ങൾ ഒന്നും നൽകാതിരുന്ന നദാൽ വീണ്ടുമൊരു ബ്രൈക്ക് കൂടി നേടി 6-3 നു ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഒന്നാം നമ്പർ കോർട്ടിൽ ആദ്യ സർവ്വീസ് മുതലെ ആക്രമിച്ച് കളിച്ച നദാൽ സുഗിറ്റക്കു ഒരവസരവും നൽകാതെ 6-1 നു രണ്ടാം സെറ്റ് സ്വന്തമാക്കി.

മികച്ച പോരാട്ട വീര്യമാണ് മത്സരത്തിൽ സുഗിറ്റ പുറത്തെടുത്തത് എന്നാൽ 2 മണിക്കൂർ നീണ്ട മത്സരത്തിൽ നദാലിനെതിരെ അത് മതിയായിരുന്നില്ല. മൂന്നാം സെറ്റിലെ സുഗിറ്റയുടെ നാലാം സർവ്വീസ് ബ്രൈക്ക് ചെയ്ത നദാൽ 6-3 നു സെറ്റും മത്സരവും സ്വന്തമാക്കി. മുമ്പ് വിംബിൾഡനിൽ നദാലെ തോൽപ്പിച്ച ഓസ്‌ട്രേലിയൻ താരം നിക്ക് ക്യൂരിയോസ് ആവും റാഫയുടെ രണ്ടാം റൗണ്ട് എതിരാളി. നദാലിന് എല്ലാ അർത്ഥത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ക്യൂരിയോസിനാവും എന്നാൽ റാഫയുടെ പോരാട്ട വീര്യത്തെ മറികടക്കാൻ അതിനാവുമോ എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം.

അതേസമയം ഫ്രഞ്ച്‌ ഓപ്പൺ ഫൈനലിലെ നദാലിന്റെ എതിരാളിയും വിംബിൾഡൺ 5 സീഡുമായ ഡൊമിനിക് തീം വിംബിൾഡനിൽ നിന്നും പുറത്തായി. അമേരിക്കൻ താരം സാം ക്യൂറേയാണ്‌ തീമിനെ പുറത്തതാക്കിയത്. വലിയ സർവീസുകൾക്കു പേരുകേട്ട അമേരിക്കൻ താരം 4 സെറ്റ് നീണ്ട പോരാട്ടത്തിൽ 6-7,7-6,6-3,6-0 എന്ന സ്കോറിനാണ് തീമിനെ തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ ജപ്പാന്റെ 8 സീഡ് താരം നിഷികോരി മണ്ടറോയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് രണ്ടാം റൗണ്ടിൽ എത്തി. സ്‌കോർ – 6-4,7-6,6-4.

Previous articleവീണ്ടും കോഹ്‍ലിയുടെ തുണയ്ക്കെത്തി വിശ്വസ്തന്‍ ജസ്പീത് ബുംറ
Next articleഅവസാന മത്സരം ജയിച്ച് ഘാന മുന്നോട്ട്