ബംഗ്ലാദേശില്‍ നിന്ന് ഏഷ്യ കപ്പ് തട്ടിയെടുത്ത് ഇന്ത്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആവേശം അലതല്ലിയ മത്സരത്തില്‍ ഇരു ടീമിന്റെ പക്ഷത്തേക്കും മത്സരം മാറി മറിഞ്ഞുവെങ്കിലും ഏഷ്യ കപ്പ് കിരീടം ഉറപ്പാക്കി ഇന്ത്യ. ഒരു ഘട്ടത്തില്‍ ബംഗ്ലാദേശിനെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ മഴ മത്സരത്തില്‍ ഇടവേള സൃഷ്ടിക്കുകയായിരുന്നു. ഈ ഇടവേളയ്ക്ക് ശേഷം സെറ്റായ ബാറ്റ്സ്മാന്മാരായ അക്ബര്‍ അലിയെയും മൃത്തുന്‍ജോയിയെയും നഷ്ടമായ ബംഗ്ലാദേശ് തോല്‍വിയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഇന്ത്യയ്ക്ക് ഭീഷണിയായി ബംഗ്ലാദേശിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് ബാറ്റ് ചെയ്തുവെങ്കിലും തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അഥര്‍വ്വ അങ്കോലേക്കര്‍ ഇന്ത്യയ്ക്ക് ഏഷ്യകപ്പ് നേടിക്കൊടുത്തു.

51/6 എന്ന നിലയില്‍ നിന്നാണ് ബംഗ്ലാദേശ് തങ്ങളുടെ വിജയം ഉറപ്പാക്കുമെന്ന് കരുതിയിരുന്നുവെങ്കിലും മഴ തടസ്സം സൃഷ്ടിച്ചതിന് ശേഷം കളി മാറി മറിയകുയായിരുന്നു. ഒപ്പം ക്യാച്ചുകള്‍ കൈവിട്ടും ഇന്ത്യയും ബംഗ്ലാദേശിനെ സഹായിച്ചു. 19.4 ഓവറില്‍ ബംഗ്ലാദേശ് 77/6 എന്ന് നിലയില്‍ നില്‍ക്കവെ കളിയില്‍ മഴ തടസ്സം സൃഷ്ടിച്ചിരുന്നു.

എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ മഴ മാറി മത്സരം വീണ്ടും പുനഃരാരംഭിക്കുകയായിരുന്നു.ബ്രേക്കിന് ശേഷം ക്യാപ്റ്റന്‍ അക്ബര്‍ അലിയെ ബംഗ്ലാദേശിന് നഷ്ടമാകുകയായിരുന്നു. 23 റണ്‍സ് നേടിയ അക്ബര്‍ അലിയെ റിട്ടേണ്‍ ക്യാച്ചിലൂടെ അഥര്‍വ്വ അങ്കോലേക്കര്‍ പുറത്താക്കുകയായിരുന്നു. 27 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്. തൊട്ടടുത്ത ഓവറില്‍ 21 റണ്‍സ് നേടിയ മൃത്തുന്‍ജോയിയെ പുറത്താക്കി ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. സുഷാന്ത് കുമാര്‍ മിശ്രയ്ക്കായിരുന്നു വിക്കറ്റ്.

ഒമ്പതാം വിക്കറ്റില്‍ തന്‍സിം ഹസനും റാക്കിബുള്‍ ഹസനും ചേര്‍ന്ന് നേടിയ 23 റണ്‍സ് ബംഗ്ലാദേശിനെ ഏഷ്യ കപ്പിന് 6 റണ്‍സ് അകലെ വരെ എത്തിച്ചുവെങ്കിലും അഥര്‍വ്വ തന്‍സിമിനെ(12) പുറത്താക്കി വീണ്ടും ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ കൊണ്ടുവന്നു. അതേ ഓവറില്‍ ബംഗ്ലാദേശിനെ 101 റണ്‍സിന് ഓള്‍ഔട്ട് ആക്കി അഥര്‍വ്വ മത്സരത്തിലെ തന്റെ അഞ്ചാം വിക്കറ്റ് നേടി.