വമ്പൻ തിരിച്ചടി, ഫ്രാൻസിനോട് പരാജയമേറ്റു വാങ്ങി ഇന്ത്യ

Indiafrancehockey

FIH ഹോക്കി പ്രൊ ലീഗിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ഫ്രാന്‍സിനോട് 2-5 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്. ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 5-0ന് ഇന്ത്യയ്ക്കായിരുന്നു വിജയം.

എന്നാൽ ഇന്നലെ കാര്യങ്ങള്‍ മാറി മറിഞ്ഞ് ഫ്രാന്‍സ് ഫോമിലേക്ക് എത്തുന്നതാണ് കണ്ടത്. 16ാം മിനുട്ടിൽ വിക്ടര്‍ ചാര്‍ലറ്റ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചപ്പോള്‍ 22ാം മിനുട്ടിൽ ജര്‍മ്മന്‍പ്രീത് സിംഗ് ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞു.

വിക്ടര്‍ ലോക്ക്വുഡ് 35ാം മിനുട്ടിൽ ഫ്രാന്‍സിനെ ലീഡിലേക്ക് എത്തിച്ചപ്പോള്‍ 48ാം മിനുട്ടിൽ ചാള്‍സ് മാസ്സൺ ലീഡ് വര്‍ദ്ധിപ്പിച്ചു. 57ാം മിനുട്ടിൽ ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയ്ക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും മത്സരത്തിന്റെ അവസാന മിനുട്ടുകളിൽ വിക്ടര്‍ ചാര്‍ലറ്റ്, ടിമോത്തി ക്ലമന്റ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഫ്രാന്‍സിന് വമ്പന്‍ ജയം ലഭിച്ചു.