വിരാട് കൊഹ്ലിയിൽ നിന്ന് നായകന്റെ സമ്മർദ്ദം ഒഴിവാക്കാൻ ട്വന്റി ട്വന്റിയിൽ രോഹിത് ശർമ്മയെ ഇന്ത്യൻ നായകൻ ആക്കണം എന്നു മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ ആയിരുന്ന അതുൽ വാസൻ അഭിപ്രായപ്പെട്ടു. 3 ഫോമാറ്റിലും നായകൻ ആയതിന്റെ അമിതസമ്മർദ്ദം ഒഴിവാക്കാൻ സമ്മർദം താരങ്ങൾക്ക് ഇടയിൽ വീതിച്ച് നൽകുന്നത് ആണ് നല്ലത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കൂടാതെ ഐ.പി.എലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിന്റെ നായകൻ കൂടിയായ കൊഹ്ലി അതിലും സമ്മർദ്ദം അനുഭവിക്കുന്നുണ്ട്.
മുംബൈ ഇന്ത്യൻസിനെ 4 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കൾ ആക്കിയതും പലപ്പോഴും കൊഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചതും രോഹിത് ശർമ്മയുടെ അനുഭവസമ്പത്ത് ആയി വാസൻ ഉയർത്തി കാണിക്കുന്നു. കൊഹ്ലി നായകൻ ആവാൻ ഇഷ്ടപ്പെടുന്നു എങ്കിലും കൊഹ്ലി വലിയ സമ്മർദ്ദം നേരിടുന്നുണ്ട് എന്ന് വാസൻ പറഞ്ഞു. ടെസ്റ്റിൽ നിലവിൽ കൊഹ്ലിക്ക് പകരം ഒരു നായകൻ ഇല്ല എന്നു പറഞ്ഞ അദ്ദേഹം അടുത്ത ലോകകപ്പ് വരെ എങ്കിലും കൊഹ്ലി തന്നെയാണ് ഇന്ത്യൻ ടീമിനെ നയിക്കേണ്ടത് എന്നും അഭിപ്രായപ്പെട്ടു.