ഹോക്കി ഇതിഹാസം ബൽബീർ സിംഗ് അന്തരിച്ചു

ഇന്ത്യൻ ഹോക്കി ഇതിഹാസം ബൽബീർ സിംഗ് അന്തരിച്ചു. 96 വയസ്സായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ ആണ് മരണപ്പെട്ടത്. അവസാന രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ഇന്ത്യക്ക് ഒപ്പം മൂന്ന് ഒളിമ്പിക്സ് സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട് ബൽബീർ സിങ് സീനിയർ. 1948, 1952, 1956 വർഷങ്ങളിൽ ആയിരുന്നു ഒളിമ്പിക് സ്വർണ്ണ മെഡലുകൾ.

ഒളിമ്പിക്സ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ബൽബീർ സിങിന്റെ റെക്കോർഡ് ഇപ്പോഴും ആർക്കും മറികടക്കാൻ കഴിഞ്ഞിട്ടില്ല. 1952ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ ന്യൂസിലൻഡിനെതിരായ ഫൈനലിൽ 5 ഗോളുകൾ ആയിരുന്നു ബൽബീർ സിംഗ് അടിച്ചു കൂട്ടിയത്. 1957ൽ പദ്മശ്രീയും നേടിയിരുന്നു.