നിശ്ചിത സമയത്ത് സമനില, ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ

FIH പ്രൊ ലീഗിൽ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെ വിജയം. 3-2 എന്ന സ്കോറിനാണ് ഇന്ത്യ ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് വീതം ഗോള്‍ നേടി പിരിയുകയായിരുന്നു.

ഏഴാം മിനുട്ടിൽ നിക്കോളസ് ബന്‍ഡുരാക് ആണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. അഭിഷേക് ഇന്ത്യയെ 13ാം മിനുട്ടിൽ മുന്നിലെത്തിച്ചു. 26ാം മിനുട്ടിൽ ഷംഷേര്‍ സിംഗ് ഇന്ത്യയ്ക്കായി ലീഡ് നേടിക്കൊടുത്തുവെങ്കിലും തൊട്ടടുത്ത മിനുട്ടിൽ നിക്കോളസ് ഗോള്‍ മടക്കി.

ആദ്യ പകുതി 2-2ൽ ടീമുകള്‍ സമനില പിരിഞ്ഞപ്പോള്‍ അടുത്ത ക്വാര്‍ട്ടറിൽ ഗോള്‍ നേടുവാന്‍ ഇരു ടീമിനും സാധിച്ചില്ല. ഹര്‍മ്മന്‍പ്രീത് സിംഗ് 51ാം മിനുട്ടിൽ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചുവെങ്കിലും മത്സരം അവസാനിക്കുവാന്‍ ഒരു മിനുട്ട് ഉള്ളപ്പോള്‍ സാം വാര്‍ഡ് ഇംഗ്ലണ്ടിന് സമനില ഗോള്‍ നേടിക്കൊടുത്തു.

ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്കായി അഭിഷേക് രണ്ട് തവണയും രാജ് കുമാര്‍ പാൽ ഒരു തവണയും ലക്ഷ്യം കണ്ടപ്പോള്‍ ജെയിംസ് ആല്‍ബെറി, ക്രിസ്റ്റോഫര്‍ ഗ്രിഫിത്സ് എന്നിവരായിരുന്നു ഇംഗ്ലണ്ടിന്റെ സ്കോറര്‍മാര്‍.