ഇന്ന് ഫൈനൽ പോരാട്ടം, കിരീടത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം. ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെയു ഇന്ത്യ ഓസ്ട്രേലിയയെും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്. ഇന്ത്യന്‍ ടീമിൽ ആദ്യ റൗണ്ടിൽ കോവിഡ് പ്രതിസന്ധി തീര്‍ത്തുവെങ്കിലും അപരാജിതരായി ആണ് ടീം ഫൈനലിലേക്ക് എത്തിയത്. അയര്‍ലണ്ടിനെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിൽ 11 പേരെ ഇറക്കുവാന്‍ ഇന്ത്യ പ്രയാസപ്പെട്ടിരുന്നു. എന്നാലും 174 റൺസിന്റെ പടുകൂറ്റന്‍ വിജയം ആണ് ടീം നേടിയത്.

അതേ സമയം ഇംഗ്ലണ്ട് പ്രാഥമിക ഘട്ടത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ കടന്ന് കൂടുകയായിരുന്നു. ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം 15 റൺസിന്റെ വിജയം നേടിയാണ് ടീം ഫൈനലിലേക്ക് എത്തുന്നത്. അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യും ഇംഗ്ലണ്ടും ഏഴ് തവണ നേരിട്ടപ്പോള്‍ 5 തവണയും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.

ഇതാദ്യമായാണ് ഇന്ത്യയും ഇംഗ്ലണ്ടും പക്ഷേ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യ 14 പതിപ്പിൽ എട്ട് ഫൈനലുകളിൽ നിന്ന് 4 കിരീടങ്ങളോടെ ഏറ്റവും അധികം തവണ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമാണ്.

Indiau19

ഓപ്പണര്‍മാരായ അംഗ്കൃഷ് രഘുവംശിയും ഹര്‍നൂര്‍ സിംഗും ടോപ് ഓര്‍ഡറിൽ റൺസ് കണ്ടെത്തുമ്പോള്‍ അവര്‍ പരാജയപ്പെടുന്ന പക്ഷം ക്യാപ്റ്റന്‍ യഷ് ധുല്ലും വൈസ് ക്യാപ്റ്റന്‍ ഷൈഖ് റഷീദും അവസരത്തിനൊത്തുയരാറുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള സെമി ഫൈനലില്‍ ഇത് ഏവര്‍ക്കും കാണുവാന്‍ സാധിച്ചതാണ്.

Yashdullshaikrasheed

ബൗളിംഗിൽ രാജ്വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കറും രവി കുമാറും വിക്കി ഒസ്ട്വാലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുന്നുണ്ട്. 12 വിക്കറ്റുമായി വിക്കിയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ.

അതേ സമയം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ടോം പ്രെസ്റ്റ് ആണ് ടീമിന്റെ ബാറ്റിംഗ് നെടുംതൂണ്. 292 റൺസാണ് താരം ടൂര്‍ണ്ണമെന്റിൽ ഇതുവരെ നേടിയിട്ടുള്ളത്. 13 വിക്കറ്റ് നേടിയ ജോഷ്വ ബോയ്ഡന്‍ ആണ് വിക്കറ്റ് വേട്ടക്കാരി മുന്നിൽ. സ്പിന്നര്‍ രെഹാന്‍ അഹമ്മദും നിര്‍ണ്ണായക പ്രഹരങ്ങള്‍ എതിരാളികള്‍ക്ക് ഏല്പിക്കാറുണ്ട്.

Tomprest

1998ൽ ആണ് ഇംഗ്ലണ്ട് ഇതിനു മുമ്പ് ഫൈനലില് എത്തിയത്. അന്ന് അവര്‍ കിരീടം നേടുകയും ചെയ്തു. ഇത്തവണത്തേതുള്‍പ്പെടെ തുടര്‍ച്ചയായ നാലാം തവണയാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്. കഴിഞ്ഞ തവണ ബംഗ്ലാദേശിനെതിരെ ഇന്ത്യ അപ്രതീക്ഷിത തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു.