ബൗളിംഗിൽ ഇന്ത്യയ്ക്ക് അല്പം കൂടി മെച്ചപ്പെടാമായിരുന്നു – രോഹിത് ശര്‍മ്മ

ഹോങ്കോംഗിനെതിരെ ഇന്ത്യയ്ക്ക് ബൗളിംഗിൽ അല്പം കൂടി മെച്ചപ്പെടാമായിരുന്നുവെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ബാറ്റിംഗിൽ ഇന്ത്യ 192 റൺസ് നേടിയെങ്കിലും ഹോങ്കോംഗ് 152 റൺസ് നേടുകയായിരുന്നു. 40 റൺസ് ജയം നേടിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിചാരിച്ച പോലെ ഹോങ്കോംഗിനെ ഒതുക്കുവാനായില്ല.

അത് ഒഴിച്ച് നിര്‍ത്തിയാൽ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ആകെ നോക്കുകയാണെങ്കിൽ മികച്ചതായിരുന്നുവെന്ന് രോഹിത് പറഞ്ഞു. ബൗളിംഗ് ടീമിന്റെ പ്രകടനം മോശമാണെന്ന് താന്‍ പറയില്ലെന്നും അല്പം കൂടി മെച്ചപ്പെടാമായിരുന്നുവെന്നാണ് താന്‍ പറയുന്നതെന്ന് രോഹിത് വ്യക്തമാക്കി.

ഹോങ്കോംഗ് ബാറ്റ്സ്മാന്മാര്‍ ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളായ അവേശ് ഖാനെയും അര്‍ഷ്ദീപ് സിംഗിനെയും കണക്കറ്റ് പ്രഹരം ഏല്പിക്കുകയായിരുന്നു. സീനിയര്‍ ബൗളര്‍മാര്‍ ഹോങ്കോംഗ് ബാറ്റ്സ്മാന്മാരെ വരുതിയിൽ നിര്‍ത്തിയപ്പോള്‍ അര്‍ഷ്ദീപ് 4 ഓവറിൽ 44 റൺസും അവേശ് ഖാന്‍ 4 ഓവറിൽ 53 റൺസും വഴങ്ങുകയായിരുന്നു. ഇരുവരും ഓരോ വിക്കറ്റ് നേടി.