ജപ്പാന്‍ ഓപ്പൺ: പ്രണോയ് ക്വാര്‍ട്ടറിൽ

Sports Correspondent

ജപ്പാന്‍ ഓപ്പൺ പുരുഷ വിഭാഗം സിംഗിള്‍സിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറിൽ കടന്നു. ഇന്ന് സിംഗപ്പൂരിന്റെ കീന്‍ യൂ ലോയെ നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണോയ് പരാജയപ്പെടുത്തിയത്. ഇരു ഗെയിമുകളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കണ്ടതെങ്കിലും പ്രണോയ് സിംഗപ്പൂര്‍ താരത്തെ 22-20, 21-19 എന്ന സ്കോറിന് പരാജയപ്പെടുത്തി. 44 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

ആദ്യ ഗെയിമിൽ പ്രണോയ് 3 ഗെയിം പോയിന്റുകള്‍ രക്ഷിച്ചാണ് വിജയം കരസ്ഥമാക്കിയത്. രണ്ടാം ഗെയിമിലാകട്ടേ 6-14ന് പിന്നിൽ നിന്ന് ശേഷം ലോയെ വീഴ്ത്തി പ്രണോയ് വിജയം കണ്ടു.

മുന്‍ ലോക ചാമ്പ്യനാണ് സിംഗപ്പൂര്‍ താരം. മുമ്പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ പ്രണോയിയ്ക്കായിരുന്നു രണ്ട് തവണ വിജയം. അവസാനം ഇരുവരും നേരിട്ടപ്പോള്‍ സിംഗപ്പൂര്‍ താരം ആധിപത്യമാര്‍ന്ന വിജയം കരസ്ഥമാക്കിയിരുന്നു. ക്വാര്‍ട്ടറിൽ നാലാം സീഡ് ചൗ ടിയന്‍ ചെന്നിനെ ആണ് പ്രണോയ് നേരിടുക.