തോല്‍വിയിലും തലയയുര്‍ത്തി ഹോങ്കോംഗ്, അരങ്ങേറ്റം ഗംഭീരമാക്കി ഖലീല്‍ അഹമ്മദ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെ 26 റണ്‍സ് തോല്‍വി വഴങ്ങി ഏഷ്യ കപ്പില്‍ നിന്ന് പുറത്തായെങ്കിലും തലയയുര്‍ത്തിയാണ് ഏഷ്യയിലെ കുഞ്ഞന്മാരുടെ മടക്കം. പാക്കിസ്ഥാനെതിരെയുള്ള പരാജയത്തിലും ഏറെ മികച്ച നിന്ന ശേഷമാണ് ഇന്ത്യയ്ക്കെതിരെ ഹോങ്കോംഗ് തോല്‍വിയേറ്റു വാങ്ങിയത്. മികച്ച തുടക്കം നേടിയ ശേഷം ഇന്ത്യയെ 285 റണ്‍സിലേക്ക് ഒതുക്കുകയും ആദ്യ വിക്കറ്റില്‍ 174 റണ്‍സ് നേടി ഇന്ത്യന്‍ ക്യാമ്പിലും ആരാധകരുടെ ഇടയിലും പരിഭ്രാന്തി പരത്തിയ ശേഷമാണ് സമ്മര്‍ദ്ദത്തിനു അടിപ്പെട്ട് ഹോങ്കോംഗ് കീഴടങ്ങിയത്. അരങ്ങേറ്റക്കാരന്‍ ഖലീല്‍ അഹമ്മദിന്റെ പ്രകടനം ഇന്ത്യന്‍ നിരയിലെ ശ്രദ്ധേയമായ പ്രകടനമായി വിലയിരുത്താം.

അന്‍ഷുമന്‍ രഥ്-നിസാകത് ഖാന്‍ കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 34.1 ഓവറില്‍ നിന്ന് 174 റണ്‍സാണ് നേടിയത്. 35ാം ഓവറിന്റെ ആദ്യ പന്തില്‍ കുല്‍ദീപ് യാദവിനു വിക്കറ്റ് നല്‍കി അന്‍ഷുമന്‍ രഥ് പുറത്താകുമ്പോള്‍ ഹോങ്കോംഗ് നായകന്‍ 73 റണ്‍സാണ് 97 പന്തില്‍ നിന്ന് നേടിയത്. തൊട്ടടുത്ത ഓവറില്‍ 92 റണ്‍സ് നേടിയ നിസാകത് ഖാനെ പുറത്താക്കി ഖലീല്‍ അഹമ്മദ് തന്റെ ആദ്യ ഏകദിന വിക്കറ്റ് നേടി. വിക്കറ്റ് വീണ രണ്ട് ഓവറുകളും മെയിഡന്‍ ഓവറുകളായിരുന്നു എന്നത് ഹോങ്കോംഗിനു കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാക്കി.

തുടര്‍ന്നങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് നേടിയപ്പോള്‍ ഹോങ്കോംഗിന്റെ ആവശ്യമായ റണ്‍റേറ്റ് ഏറെ ഉയര്‍ന്നു. ഒടുവില്‍ 50 ഓവറുകള്‍ അവസാനിക്കുമ്പോള്‍ ടീം 259 റണ്‍സാണ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. എഹ്സാന്‍ ഖാന്‍(22), ബാബര്‍ ഹയത്(18), കിഞ്ചിത്ത് ഷാ(17) എന്നിവര്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യയുടെ സ്കോറിനു അടുത്തെത്തുവാന്‍ ഹോങ്കോംഗിനു സാധിച്ചില്ല. ഇന്ത്യയ്ക്കായി  അരങ്ങേറ്റക്കാരന്‍ ഖലീല്‍ അഹമ്മദ്, ചഹാല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി.

ജയിക്കുവാനായെങ്കിലും നാളെത്തന്നെ രണ്ടാം മത്സരത്തില്‍ ശക്തരായ പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യയ്ക്ക് ഈ ജയം കാര്യങ്ങള്‍ അത്ര എളുപ്പമാക്കുന്നില്ല. ഇന്ത്യയെക്കൊണ്ട് 50 ഓവറുകളും എറിയിപ്പിച്ച ഹോങ്കോംഗ് ഏഷ്യയിലെ വമ്പന്മാരെ ക്ഷീണിതരാക്കിയാണ് അടുത്ത മത്സരത്തെ നേരിടുവാന്‍ വിടുന്നത്.