ഇഞ്ചുറി ടൈമിൽ ജയം ഉറപ്പാക്കി ഇന്റർ, സ്പർസ് സാൻസിറോയിൽ വീണു

- Advertisement -

സാൻസിറോയിൽ ഇന്ററിന്റെ കിടിലൻ തിരിച്ചു വരവ്. 85 മിനുട്ട് പിറകിൽ നിന്ന് ശേഷം 2 ഗോളുകൾ തിരിച്ചടിച്ച ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിൽ സ്പർസിനെ 2-1 ന് മറികടന്നു.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ സ്പർസിന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. എറിക്സന്റെ പാസിൽ കെയ്ന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന് ഫിനിഷ് ചെയ്യാനായില്ല. പിന്നീട് ഒറിയേയിലൂടെ സ്പർസിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഇന്റർ ഗോളിയുടെ സേവ് തടസമായി. ഇന്റർ പക്ഷെ മുൻ നിരയിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ വിഷമിച്ചു. ഇക്കാർഡിക്കും പെരിസിച്ചിനും കാര്യമായി ഒന്നും ചെയ്യാനായില്ല.

രണ്ടാം പകുതിയിലും സ്പർസ് മികച്ച മുന്നേറ്റങ്ങളുമായി മുന്നിട്ട് നിന്നപ്പോൾ ഇന്റർ ആക്രമണ നിര തണുപ്പൻ ഫോം തുടർന്നു. 53 ആം മിനുട്ടിൽ സ്പർസിന് അർഹിച്ച ലീഡ് പിറന്നു. എറിക്സന്റെ ഷോട്ട് ജാവോ മിറാണ്ടയുടെ ദേഹത്ത് തട്ടി ഇന്റർ വലയിൽ പതിക്കുകയായിരുന്നു. പിന്നീടും ലമേലയിലൂടെ സ്പർസിന് ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ലീഡ് ഉയർത്തനായില്ല.

ഏറെ നേരം മത്സരത്തിൽ ഒന്നും ചെയ്യാനാവാതെ നിന്ന ഇക്കാർഡി പക്ഷെ 85 ആം മിനുട്ടിൽ ഇന്ററിന്റെ രക്ഷക്കത്തി. അസമാവോയുടെ പാസിൽ ക്യാപ്റ്റൻ ഇക്കാർടിയുടെ കിടിലൻ വോളിയിൽ ഇന്ററിന്റെ സമനില ഗോൾ പിറന്നു. പിന്നീടുള്ള സമയം ഇന്റർ തുടർച്ചയായി സ്പർസ് ഗോൾ മുഖം ആക്രമിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുട്ടിൽ വസിനോയിലൂടെ ഇന്റർ ലീഡ് നേടി അവരുടെ തിരിച്ചുവരവ് പൂർത്തിയാക്കി.

ജയത്തോടെ ബാഴ്സ അടങ്ങുന്ന ഗ്രൂപ്പിൽ ഇന്ററിന്റെ സാധ്യത ഉയർന്നു.

Advertisement