നിര്‍ണ്ണായക ഘട്ടത്തില്‍ നിര്‍ണ്ണായക വിക്കറ്റുകളുമായി ലിയാം പ്ലങ്കറ്റ്, ഇന്ത്യയ്ക്ക് ഈ ലോകകപ്പിലെ ആദ്യ തോല്‍വി

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്ക് അത്ര പ്രാധാന്യമുള്ള മത്സരമായിരുന്നില്ലെങ്കിലും ഇംഗ്ലണ്ടിന് ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ 33 റണ്‍സിന്റെ വിജയം സ്വന്തമാക്കി ആതിഥേയര്‍. ഇന്ന് ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ്മ ശതകവും വിരാട് കോഹ്‍ലി അര്‍ദ്ധ ശതകവും നേടിയെങ്കിലും ഇംഗ്ലണ്ട് ഒരുക്കി നല്‍കിയ 338 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് 306 റണ്‍സ് മാത്രമേ നേടാനായുള്ളു.

സെമിയില്‍ കടക്കുവാന്‍ ഇംഗ്ലണ്ടിന് തങ്ങളുടെ അവസാന മത്സരം വിജയിക്കണമെന്നിരിക്കെ ഈ ഫലം പാക്കിസ്ഥാന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെടുകയും പാക്കിസ്ഥാന്‍ വിജയം കുറിച്ചാലും മാത്രമേ പാക്കിസ്ഥാന് സെമി സാധ്യത തുറക്കുകയുള്ളു. അതും ന്യൂസിലാണ്ടിനെ റണ്‍റേറ്റില്‍ മറികടക്കുവാന്‍ മികച്ച മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്.

മൂന്നാം ഓവറില്‍ കെഎല്‍ രാഹുലിനെ നഷ്ടമായ ശേഷം വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഇന്ത്യയുടെ ഇന്നിംഗ്സ് മെല്ലെ കെട്ടിപ്പടുക്കുകയായിരുന്നു. ക്രിസ് വോക്സ് തുടരെ മൂന്ന് മെയ്ഡനുകള്‍ എറിഞ്ഞ് തുടങ്ങിയപ്പോള്‍ രണ്ടാം ഓവറില്‍ രോഹിത്തിനെ ജോഫ്രയുടെ പന്തില്‍ ജോ റൂട്ട് കൈവിടുക കൂടി ചെയ്തു. പത്തോവറില്‍ ഇന്ത്യ 28 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും നിലയുറപ്പിച്ച ശേഷം വിരാടും രോഹിത്തും സ്കോറിംഗിന് വേഗത കൂട്ടി. എന്നാല്‍ മത്സരഗതിയ്ക്കെതിരായി വിരാട് കോഹ്‍ലി ലിയാം പ്ലങ്കറ്റ് എറിഞ്ഞൊരു വൈഡ് ബോള്‍ കളിക്കാന്‍ ശ്രമിച്ച് പോയിന്റില്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ ജെയിംസ് വിന്‍സ് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

138 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടി രോഹിത്-വിരാട് കൂട്ടുകെട്ട് ഇന്ത്യയുടെ ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന് കൂട്ടുകെട്ട് കൂടിയാണ് നേടിയത്. 66 റണ്‍സാണ് കോഹ്‍ലി നേടിയത്. പിന്നീട് തന്റെ ശതകം പൂര്‍ത്തിയാക്കിയെങ്കിലും 102 റണ്‍സ് നേടിയ രോഹിത്തിനെ ക്രിസ് വോക്സ് പുറത്താക്കി. 15 അര്‍ദ്ധ ശതകങ്ങള്‍ നേടിയ രോഹിത്തിന്റെ കരിയറിലെ തന്നെ സിക്സ് പിറക്കാത്ത ആദ്യ ഏകദിന ശതകം കൂടിയാണ് ഇന്നത്തേത്.

രോഹിത്ത് പുറത്താകുമ്പോള്‍ ഇന്ത്യ 36.1 ഓവറില്‍ 198/3 എന്ന നിലയിലായിരുന്നു. പിന്നീട് ലോകകപ്പ് അരങ്ങേറ്റക്കാരന്‍ ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും 28 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും 32 റണ്‍സ് നേടിയ പന്തിനെ പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് ലിയാം പ്ലങ്കറ്റ് നേടി.

പിന്നീട് 33 പന്തില്‍ 45 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെയും ലിയാം പ്ലങ്കറ്റ് പുറത്താക്കിയപ്പോള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയ ലിയാം പ്ലങ്കറ്റിന്റെ പ്രഹരം മറികടക്കുവാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ പോയി. ആറാം വിക്കറ്റില്‍ 31 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയെങ്കിലും എംസ് ധോണിയും കേധാര്‍ ജാഥവും ഒരിക്കലും വിജയം സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയല്ല ബാറ്റ് വീശിയത്. 31 പന്തില്‍ നിന്ന് ധോണി പുറത്താകാതെ 42 റണ്‍സ് നേടിയപ്പോള്‍ കേധാര്‍ ജാഥവ് 12 റണ്‍സുമായി പുറത്താകാതെ നിന്നു.