ധോണിയുടെയും കേധാറിന്റെയും ബാറ്റിംഗ് സമീപനത്തെ ന്യായീകരിച്ച് കോഹ്‍ലി

ഇന്ത്യയുടെ ഇംഗ്ലണ്ടിനോടുള്ള 31 റണ്‍സ് തോല്‍വിയേക്കാളും അവസാന ഓവറുകളില്‍ മത്സരത്തെ സമീപിച്ച രീതിയെയാണ് ഇന്ന് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. എംഎസ് ധോണിയും കേധാര്‍ ജാഥവും ചേര്‍ന്ന് 31 പന്തില്‍ നിന്ന് 39 റണ്‍സാണ് ഇന്ന് തങ്ങളുടെ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തില്‍ പോലും കൂറ്റനടികള്‍ക്ക് ശ്രമിക്കാതെയാണ് ഇരുവരും ബാറ്റ് വീശിയത്.

അവസാന ഓവറില്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏക സിക്സ് പിറന്നത്. അത് ധോണിയാണ് നേടിയത്. ധോണി 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയപ്പോള്‍ കേധാര്‍ ജാഥവ് 12 റണ്‍സാണ് 13 പന്തില്‍ നേടിയത്. എന്നാല്‍ ഇരുവരുടെയും ഈ ശൈലിയെ ന്യായീകരിക്കുകയാണ് വിരാട് കോഹ്‍ലി. ധോണി വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചുവെന്നും എന്നാല്‍ അത് വേണ്ട രീതിയില്‍ ബൗണ്ടറിയായി പിറന്നില്ലെന്നാണ് വിരാട് കോഹ്‍ലിയുടെ ഭാഷ്യം.

കാര്യമെന്ത് തന്നെയായാലും ശ്രമിക്കുക കൂടി ചെയ്യാതെയാണ് ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനോട് കീഴടങ്ങിയത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയം നേടിയാല്‍ വിജയിക്കുാമെന്നിരിക്കെ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം അത്ര പ്രാധാന്യമുള്ളതായിരുന്നില്ലെങ്കിലും ടീമിന്റെ ഈ ശൈലിയെ ആരാധകര്‍ തന്നെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ഇന്നത്തെ മത്സര ശേഷം.

Previous articleനിര്‍ണ്ണായക ഘട്ടത്തില്‍ നിര്‍ണ്ണായക വിക്കറ്റുകളുമായി ലിയാം പ്ലങ്കറ്റ്, ഇന്ത്യയ്ക്ക് ഈ ലോകകപ്പിലെ ആദ്യ തോല്‍വി
Next articleറാബിയോ ഫ്രീയായി യുവന്റസിൽ!!