ലങ്ക പ്രീമിയര്‍ ലീഗിലും സൂപ്പര്‍ ഓവര്‍, കാന്‍ഡി തസ്കേഴ്സിനെതിരെ വിജയം നേടി കൊളംബോ കിംഗ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

219 റണ്‍സെന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ കാന്‍ഡി തസ്കേഴ്സ് മത്സരം കീശയിലാക്കിയെന്നാണ് കരുതിയതെങ്കിലും അതേ സ്കോര്‍ നേടി കൊളംബോ കിംഗ്സ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടുകയും സൂപ്പര്‍ ഓവറില്‍ വിജയം കരസ്ഥമാക്കുകയും ചെയ്തപ്പോള്‍ ലങ്ക പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരം തന്നെ ആവേശക്കൊടുമുടിയിലായി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കൊളംബോയ്ക്ക് ഉഡാനയെ ആദ്യം തന്നെ നഷ്ടമായെങ്കിലും ആന്‍ഡ്രേ റസ്സലും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് 16 റണ്‍സിലേക്ക് ടീമിനെ എത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ കാന്‍ഡിയ്ക്ക് 12 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇസ്രു ഉഡാനയാണ് ഓവര്‍ എറിഞ്ഞത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാന്‍ഡി തസ്കേഴ്സ് കുശല്‍ പെരേര(52 പന്തില്‍ 53), റഹ്മാനുള്ള ഗുര്‍ബാസ്(22 പന്തില്‍ 53), കുശല്‍ മെന്‍ഡിസ്(30), അസേല ഗുണരത്നേ(33*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്കോറിലെത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊളംബോയ്ക്കായി ടോപ് ഓര്‍ഡറില്‍ ദിനേശ് ചന്ദിമല്‍ ആണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 46 പന്തില്‍ 80 റണ്‍സ് നേടിയ താരം പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ വീഴുന്നതാണ് കണ്ടത്. ആന്‍ഡ്രേ റസ്സലും (13 പന്തില്‍ 24) പുറത്തായതോടെ കൊളംബോയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

അവസാന ഓവറില്‍ ജയിക്കുവാന്‍ 20 റണ്‍സ് വേണ്ടിയിരുന്ന കൊളംബോയ്ക്ക് വേണ്ടി അസേല ഗുണരത്നേയുടെ ഓവറില്‍ 19 റണ്‍സ് നേടി ഇസ്രു ഉഡാനയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചത്. 12 പന്തില്‍ നിന്ന് 34 റണ്‍സാണ് ഉഡാന നേടിയത്. അതേ സമയം താരത്തിന്റെ സ്കോര്‍ 2ല്‍ നില്‍ക്കുമ്പോള്‍ ക്യാച്ച് കൈവിട്ട കുശല്‍ മെന്‍ഡിസിന്റെ പിഴവ് കാന്‍ഡി തസ്കേഴ്സിന്റെ വലിയ തിരിച്ചടിയായി മാറി. 7 വിക്കറ്റ് നഷ്ടത്തില്‍ കൊളംബോ കിംഗ്സ് 219 റണ്‍സിലേക്ക് എത്തിയത്.

കാന്‍ഡിയ്ക്ക് വേണ്ടി നുവാന്‍ പ്രദീപും നവീന്‍-ഉള്‍-ഹക്കും രണ്ട് വീതം വിക്കറ്റ് നേടി.