തണ്ടര്‍ ബോള്‍ട്ട്!!! പവര്‍പ്ലേയിൽ ശ്രീലങ്കയുടെ നടുവൊടിച്ച് ബോള്‍ട്ട്, 65 റൺസ് വിജയം നേടി ന്യൂസിലാണ്ട്

ടി20 ലോകകപ്പിൽ ശ്രീലങ്കയുടെ നടുവൊടിച്ച് ട്രെന്റ് ബോള്‍ട്ട്. ഗ്ലെന്‍ ഫിലിപ്പ്സ് നേടിയ ശതകത്തിന്റെ മികവിൽ 167/7 എന്ന സ്കോര്‍ നേടിയ ന്യൂസിലാണ്ട് ശ്രീലങ്കയെ 102 റൺസിന് എറിഞ്ഞൊതുക്കി 65 റൺസിന്റെ  വിജയം ആണ് നേടിയത്. 19.2 ഓവറിൽ  ശ്രീലങ്ക ഓള്‍ഔട്ട് ആകുകയായിരുന്നു.

പതും നിസ്സങ്കയെ ടിം സൗത്തി പുറത്താക്കിയപ്പോള്‍ കുശൽ മെന്‍ഡിസിനെയും ധനന്‍ജയ ഡി സിൽവയെയും ഒരേ ഓവറിൽ പുറത്താക്കി ബോള്‍ട്ട് ലങ്കയെ 5/3 എന്ന നിലയിലേക്ക് തള്ളിയിട്ടു. തന്റെ അടുത്ത ഓവറിൽ ചരിത് അസലങ്കയെയും ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ ലങ്ക എട്ട് റൺസ് മാത്രമാണ് നേടിയത്.

34 റൺസ് നേടിയ ഭാനുക രാജപക്സ പുറത്താകുമ്പോള്‍ പത്തോവറിൽ ശ്രീലങ്ക 58/6 എന്ന നിലയിലായിരുന്നു. ബോള്‍ട്ട് പിന്നീട് തന്റെ സ്പെല്‍ പൂര്‍ത്തിയാക്കുവാന്‍ തിരിച്ചെത്തിയപ്പോള്‍ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെയും(35) പുറത്താക്കി തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കി.

ബോള്‍ട്ടിന് പുറമെ മിച്ചൽ സാന്റനറും ഇഷ് സോധിയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തിയും ലോക്കി ഫെര്‍ഗൂസണും ഓരോ വിക്കറ്റ് ന്യൂസിലാണ്ടിനായി നേടി.