റഗ്ബിയിൽ യുഗാന്ത്യം! ഓൾ ബ്ളാക്സിനെ ഞെട്ടിച്ച് ഇംഗ്ലണ്ട്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

റഗ്ബി ലോകത്തെ ഒന്നാകെ ഞെട്ടിച്ച് ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനെ അട്ടിമറിച്ച് ഇംഗ്ലണ്ട്. റെക്കോർഡ് ജേതാക്കളും നിലവിലെ ജേതാക്കളും ആയ ന്യൂസിലാൻഡ് 2007 നു ശേഷം ഇത് ആദ്യമായാണ് ഒരു ലോകകപ്പ് മത്സരം തോൽക്കുന്നത്. പലരും ഒരവസരവും മത്സരത്തിൽ നൽകാതിരുന്ന ഇംഗ്ലണ്ട് 19-7 എന്ന സ്കോറിന് ആണ് ജയം കണ്ടത്. 1987 ലെ ആദ്യ ലോകകപ്പിന് ശേഷം 32 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ട് ഓൾ ബ്ളാക്സിനെ മറികടക്കുന്നത്. പരിശീലകൻ എഡി ജോൺസിന്റെ തന്ത്രങ്ങൾ ആണ് ഇംഗ്ലീഷ് ജയത്തിൽ നിർണായകമായത്. 2011, 2015 ലോകകപ്പുകൾ ഉയർത്തിയ ഓൾ ബ്ളാക്സിന്റെ ഈ പതിറ്റാണ്ടിലെ സമഗ്രാധിപത്യം ആണ് ഇതോടെ അവസാനിക്കുന്നത്. മത്സരശേഷം രണ്ട് ലോകകപ്പുകളും നേടിയ ഇതിഹാസപരിശീലകൻ സ്റ്റീവ് ഹാൻസൻ നായകനും ഇതിഹാസതാരവും ആയ കിരൻ റീഡ് എന്നിവർ തങ്ങളുടെ കരിയറിനോട് തന്നെ വിട പറഞ്ഞത് റഗ്ബിയിലെ പുതുയുഗ പിറവിയുടെ സൂചനയും ആയി.

കഴിഞ്ഞ 15 വർഷങ്ങളായി ന്യൂസിലാൻഡ് പരിശീലകൻ ആയ സ്റ്റീവ് ഹാൻസൻ റഗ്ബി കണ്ട എക്കാലത്തെയും മഹത്തായ പരിശീലകൻ ആയി ആണ് അറിയപ്പെടുന്നത്. രണ്ടാം മിനിറ്റിൽ തന്നെ മനു തുലിയാഗിയിലൂടെ ട്രൈ നേടി ന്യൂസിലാൻഡിനെ ഞെട്ടിച്ച എഡി ജോൺസിന്റെ ടീം പിന്നീട് തിരിഞ്ഞു നോക്കിയില്ല. ഫ്‌ളൈ ഹാഫ് ജോർജ് ഫോർഡ് 4 പെനാൽട്ടികളുമായി കളം വാണപ്പോൾ ആദ്യപകുതിയിൽ 10-0 ത്തിനു ഇംഗ്ലണ്ട് മുന്നിൽ. രണ്ടാം പകുതിയിൽ 13-0 ത്തിനു പിറകെ നിന്ന ശേഷം ആർഡി സെർവിന്റെ ട്രൈ ന്യൂസിലാൻഡിനു പ്രതീക്ഷ നൽകി. എന്നാൽ വിട്ട് കൊടുക്കാൻ ഇംഗ്ലണ്ട് ഒരുക്കമായിരുന്നില്ല.

വീണ്ടും ഒരു ടീം ട്രൈ നേടിയ അവർ അർഹിച്ച ജയം സ്വന്തമാക്കി. ലോകാവസാനം എന്നു ലോകമെമ്പാടുമുള്ള റഗ്ബി ആരാധകർ വിളിച്ച മത്സരത്തിൽ ജയം ഇംഗ്ലണ്ട് അർഹിച്ചത് തന്നതായിരുന്നു. 2003 ലെ ലോകകപ്പ് ജേതാക്കൾ ആയ ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ലോകകപ്പ് നേടാൻ ആവും ഫൈനലിൽ ശ്രമിക്കുക. ഇത് നാലാം തവണയാണ് ഇംഗ്ലണ്ട് റഗ്ബി ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. ഓൾ ബ്ളാക്സിനെ മറികടന്നതോടെ കിരീടം നേടാൻ ഏറ്റവും അധികം സാധ്യത ഇംഗ്ലണ്ടിന് തന്നെയാണ്. ഈ തോൽവിയിൽ നിന്നു ഓൾ ബ്ളാക്‌സ് എങ്ങനെയാവും കരകയറുക എന്നാവും വരും ദിനങ്ങളിൽ ഉത്തരം കിട്ടേണ്ട ചോദ്യം. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ വെയിൽസ് ദക്ഷിണാഫ്രിക്ക മത്സരവിജയികളെ ആവും ഇംഗ്ലീഷ് പട റഗ്ബി ലോകകപ്പിൽ നേരിടുക.