ലോകകപ്പിന് വേണ്ടി തന്റെ കിരീടങ്ങൾ നൽകില്ലെന്ന് മെസ്സി

ലോകകപ്പ് കിരീടം നേടാൻ വേണ്ടി ബാഴ്‌സലോണയിൽ താൻ ഇതുവരെ നേടിയ കിരീടങ്ങൾ നൽകാൻ തയ്യാറല്ലെന്ന് ബാഴ്‌സലോണ താരം ലിയോണൽ മെസ്സി. തനിക്ക് അർജന്റീനയുടെ കൂടെ ലോക ചാമ്പ്യനാവാൻ ആഗ്രഹം ഉണ്ടെന്നും എന്നാൽ ഇതുവരെ നേടിയ കിരീടങ്ങൾ നൽകികൊണ്ട് ഒന്നും വേണ്ടെന്നും മെസ്സി പറഞ്ഞു.

തനിക്ക് ദൈവം നൽകിയത് കൊണ്ട് താൻ സന്തോഷവാണെന്നും മെസ്സി പറഞ്ഞു. കൂടാതെ അർജന്റീനയുടെ കൂടെ ലോക കപ്പ് കിരീടം നേടാതെ തന്റെ കരിയർ അവസാനിക്കുമെന്നതിനോട് താൻ ഏറെ കുറെ പൊരുത്തപെട്ടുവെന്നും മെസ്സി പറഞ്ഞു. തന്റെ ഫുട്ബോൾ ജീവിതം താൻ സ്വപ്നം കണ്ടതിനേക്കാൾ മികച്ചതായിരുന്നെന്നും മെസ്സി പറഞ്ഞു. ബാഴ്‌സലോണയുടെ കൂടെ നാല് ചാമ്പ്യൻസ് ലീഗ് കിരീടമടക്കം നിരവധി കിരീടങ്ങൾ മെസ്സി നേടിയിട്ടുണ്ട്.

അർജന്റീനയുടെ കൂടെ ഒരു കിരീടം നേടാൻ മെസ്സിക്ക് ഇതുവരെ സാധിച്ചിട്ടില്ല. 2014 ലോകകപ്പ് ഫൈനലിൽ മെസ്സി നയിച്ച അർജന്റീനയുടെ ടീം ജർമനിയോട് തോറ്റിരുന്നു.