ചരിത്രം കുറിച്ച് ബെല്‍ജിയം, ലോകകപ്പ് ജേതാക്കള്‍

നെതര്‍ലാണ്ട്സിനെ കീഴടക്കി പുരുഷ ഹോക്കി ലോകകപ്പിന്റ കിരീടം ചൂടി ബെല്‍ജിയം. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഷൂട്ടൗട്ടില്‍ 3-2 എന്ന സ്കോറിനു കീഴടക്കിയാണ് ബെല്‍ജിയം ചരിത്രത്തിലെ തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മൂന്ന് വട്ടം ലോക ജേതാക്കളായ നെതര്‍ലാണ്ട്സിനെതിരെയാണ് ടീമിന്റെ വിജയം.

നിലവില്‍ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാക്കളായ ബെല്‍ജിയത്തിനു വേണ്ടി ഫ്ലോറെന്റ് വാന്‍ ഔബെല്‍, വിക്ടര്‍ വെഗെന്സ് എന്നിവര്‍ ഷൂട്ടൗട്ടില്‍ സ്കോര്‍ ചെയ്തപ്പോള്‍ നെതര്‍ലാണ്ട്സിനായി ജോരെന്‍ ഹെര്‍ട്സ്ബെര്‍ഗറും ജോനാസ് ഡു ഗ്യൂസുമായിരുന്നു സ്കോറര്‍മാര്‍.