ദുരന്തത്തിന് അവസാനമില്ല, മുംബൈയിൽ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി

കേരള ബ്ലാസ്റ്റേഴ്സിന്റെ ദുരന്താവസ്ഥ തുടരുന്നു. ഇന്ന് മുംബൈ അരീനയിൽ നടന്ന മത്സരം അവസാനിക്കുമ്പോൾ വൻ പരാജയം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയിരിക്കുകയാണ്. ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ൽതോറ്റത്. ആദ്യ പകുതിയിലെ ഹാട്രിക്ക് ഉൾപ്പെടെ മോദു സോഗു നേടിയ നാലു ഗോളുകളാണ് കളി മുംബൈക്ക് സ്വന്തമാക്കി കൊടുത്തത്.

കളി തുടങ്ങി 12ആം മിനുട്ടിൽ മക്കാഡോയുടെ ഒരു ക്രോസിൽ നിന്ന് സോഗു ഗോൾ വേട്ട തുടങ്ങി. രണ്ടു മിനുട്ടുകൾക്ക് അപ്പുറം ഒരു ലോംഗ് റേഞ്ചറിലൂടെ സോഗു രണ്ടാം ഗോളും നേടി. അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒന്ന് ഉണർന്നു കളിച്ചു. 28ആം മിനുട്ടിൽ അതിന് ഗുണവും ഉണ്ടായി. സഹൽ എടുത്ത് മുന്നേറിയ പന്തിൽ നിന്ന് ദുംഗൽ നേടിയ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് കളിയിലേക്ക് തിരിച്ചുവന്നു.

പക്ഷെ മിനുട്ടുകൾക്ക് അകം സോഗു വീണ്ടും ബ്ലാസ്റ്റേഴ്സിന് വില്ലനായി. ഇത്തവണ ഒരു ഹെഡറിലൂടെ സോഗു തന്റെ ഹാട്രിക്ക് തികച്ചു. സുഭാഷിഷ് ബോസായിരുന്നു സോഗുവിന്റെ മൂന്നാം ഗോളിനുള്ള ക്രോസ് കൊടുത്തത്. കളിയുടെ അവസാന നിമിഷം ഒരു അനാവശ്യ ഫൗളിലൂടെ സക്കീർ ചുവപ്പ് കാർഡ് കൂടെ വാങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരാമെന്ന പ്രതീക്ഷയും അവസാനിച്ചു.

രണ്ടാ പകുതിയിൽ റാഫേൽ ബാസ്റ്റോസിലൂടെ മുംബൈ സിറ്റി നാലാം ഗോളും നേടി. കളിയുടെ അവസാനം ഒരു ലോംഗ് റേഞ്ചറിലൂടെ മിറാബാഹെ അഞ്ചാം ഗോളും ഒരു എളുപ്പ ഫിനിഷിലൂടെ സോഗു ആറാം ഗോളും നേടി. അവസാന 45 മിനുട്ട് 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്സ് ഇതിലും കൂടുതൽ ഗോളുകൾ വഴങ്ങാതിരുന്നത് മുംബൈയുടെ ഫിനിഷിംഗ് അത്ര മോശമായത് കൊണ്ട് മാത്രമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കാത്ത പതിനൊന്നാം മത്സരമാണ് ഇന്ന് പൂർത്തിയാക്കിയത്. 12 മത്സരങ്ങൾ കഴിഞ്ഞപ്പോഴും 9 പോയന്റ് മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളു.