സാവിയുടെ കീഴിൽ പുതിയ മുഖങ്ങളും പുതിയ പ്രതീക്ഷകളുമായി ബാഴ്‌സലോണ പുതിയ സീസണിന് ഇറങ്ങുന്നു. ക്യാമ്പ് ന്യൂവിൽ വെച്ചു നടക്കുന്ന ആദ്യ മത്സരത്തിൽ റയോ വയ്യക്കാനോ ആണ് എതിരാളികൾ. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചേ പന്ത്രണ്ടരക്ക് മത്സരത്തിന് പന്തുരുണ്ടു തുടങ്ങും. പ്രീ സീസണിലെ മികച്ച പ്രകടനം ലീഗിലും തുടരാൻ ആവും ടീമിന്റെ ശ്രമം. അതേ സമയം പുതുതായി എത്തിയ എല്ലാ താരങ്ങളെയും ലീഗിൽ രെജിസ്റ്റർ ചെയ്യുന്നതിൽ തടസം നേരിടുന്ന ബാഴ്‌സലോണ ഇതിൽ ചില താരങ്ങൾ ഇല്ലാതെ ആവും ടീം ഇറക്കുക എന്നാണ് സൂചനകൾ.
ലെവെന്റോവ്സ്കി തന്നെയാണ് നിലവിലെ ടീമിലെ ഏറ്റവും വലിയ ആകർഷണം. ഗാമ്പർ ട്രോഫിയിൽ ടീമിനായി സ്‌കോർ ചെയ്തു തുടങ്ങിയ താരം പെഡ്രി അടക്കമുള്ള താരങ്ങളുമായി ഇണങ്ങി ചേർന്നതും ടീമിന് ആത്മവിശ്വാസം പകരുന്നുണ്ട്. വിങ്ങുകളിൽ റാഫിഞ്ഞ, ഡെമ്പലെ, ഫാസ്റ്റി, ഫെറാൻ ടോറസ് തുടങ്ങി ഏത് പ്രതിരോധ നിരയേയും കീറി മുറിക്കാൻ കഴിവുള്ള താരങ്ങൾ കൂടി ആവുമ്പോൾ എതിരാളികൾ ഭയക്കാതെ തരമില്ല. പിൻ നിരയിൽ പിക്വേ സാവി ആദ്യം പരിഗണിക്കുന്ന താരങ്ങളിൽ ഒരാൾ അല്ല എന്ന് ഉറപ്പായി കഴിഞ്ഞു. അരാഹുവോയും കുണ്ടേയും ക്രിസ്റ്റൻസണും തന്നെ കോച്ചിന്റെ ആദ്യ പരിഗണനയിൽ ഉള്ളത്. മധ്യനിരയിൽ പ്രീ സീസണിൽ തിളങ്ങിയ കെസ്സിയും എത്തും. നിലവിൽ താരങ്ങളെ രെജിസ്റ്റർ ചെയ്യുന്നതിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും, നടപടികൾ പൂർത്തിയാക്കി ഇതിൽ നാലോ അഞ്ചോ പേരെ എങ്കിലും കളത്തിൽ ഇറക്കാൻ ടീമിന് സാധിച്ചേക്കും.
മറുവശത്ത് ബാഴ്‌സയെ അവസാന രണ്ടു മാച്ചുകളിലും കീഴടക്കിയ ടീമാണ് റയോ വയ്യേക്കാനോ. പ്രീ സീസൺ മത്സരങ്ങളിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ച വെച്ചു. യുനൈറ്റഡുമായി സമനിലയിൽ പിരിഞ്ഞിരുന്നു. എങ്കിലും പുതിയ താരനിരയുമായി എത്തുന്ന ബാഴ്‌സയെ പിടിച്ചു കെട്ടാൻ വയ്യെക്കാനോ പാടുപെടും.
Story Highlight: Barcelona first match preview