ഓസ്ട്രേലിയ ബാറ്റ് വീശേണ്ടത് കോഹ്‍ലിയെയും പുജാരയെയും പോലെ: പാറ്റ് കമ്മിന്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിരാട് കോഹ്‍ലിയെയും പുജാരയെയും പൂജ്യത്തിനു പുറത്താക്കി ഇന്ത്യയെ രണ്ടാം ഇന്നിംഗ്സില്‍ പ്രതിരോധത്തിലാക്കിയ പാറ്റ് കമ്മിന്‍സ് പറയുന്നത് ഇരുവരും ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് വീശിയത് പോലെ ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യണമെന്നാണ്. ഇരുവരുടെയും ആദ്യ ഇന്നിംഗ്സിലെ പ്രകടനം ഇന്ത്യയെ 443 എന്ന മികച്ച സ്കോറിലേക്ക് നയിച്ചുവെങ്കിലും പല ഭാഗത്ത് നിന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇരുവരും മെല്ലെയാണ് ഇന്ത്യയുടെ ഇന്നിംഗ്സ് നീക്കിയത്. ഇന്ത്യ പരാജയപ്പെടുവാണെങ്കില്‍ ഇവരുടെ ഇന്നിംഗ്സാവും കാരണമെന്നാണ് റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഈ ശൈലിയെ പ്രകീര്‍ത്തിച്ചാണ് രണ്ടാം ഇന്നിംഗ്സിലെ ഇന്ത്യയുടെ അന്തകന്‍ അഭിപ്രായപ്പെടുന്നത്. 409 പന്തുകള്‍ നേരിട്ട സഖ്യം 107 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയിരുന്നു. ഈ കൂട്ടുകെട്ടിനെ പോലെ ക്രീസില്‍ സമയം ചെലവഴിക്കുവാന്‍ ഓസീസ് ബാറ്റ്സ്മാന്മാര്‍ക്ക് സാധിക്കണമെന്നാണ് കമ്മിന്‍സിന്റെ അഭിപ്രായം.

രണ്ടാം ഇന്നിംഗ്സില്‍ 28/0 എന്ന നിലില്‍ നിന്ന് ഇന്ത്യ 44/5 എന്ന നിലയിലേക്ക് വീണിരുന്നു. ഇതില്‍ ആദ്യം വീണ നാല് വിക്കറ്റും വീഴ്ത്തിയത് പാറ്റ് കമ്മിന്‍സ് ആയിരുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്ക് 346 റണ്‍സിന്റെ വലിയ ലീഡാണ് കൈവശമുള്ളത്.