തുടക്കം അസലങ്ക, ഒടുക്കം രജപക്സ, ബംഗ്ലാദേശിന്റെ കഥകഴിച്ച് ശ്രീലങ്ക

Charithasalanka

ബംഗ്ലാദേശ് നല്‍കിയ 172 റൺസ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ശ്രീലങ്ക ഒരു ഘട്ടത്തിൽ 79/4 എന്ന നിലയിലായിരുന്നുവെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ ലക്ഷ്യം 7 പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ശ്രീലങ്ക. ചരിത് അസലങ്കയും ഭാനുക രജപക്സയും ചേര്‍ന്ന് നേടിയ 86 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിന്റെ കഥകഴിച്ചത്.

ആദ്യ ഓവറിൽ തന്നെ കുശൽ പെരേരയെ നഷ്ടമായ ശ്രീലങ്കയ്ക്കായി രണ്ടാം വിക്കറ്റിൽ ചരിത് അസലങ്കയും പതും നിസ്സങ്കയും ചേര്‍ന്ന് 69 റൺസാണ് കൂട്ടിചേര്‍ത്തത്. ഷാക്കിബ് നിസ്സങ്കയെയും(24) അവിഷ്ക ഫെര്‍മാണ്ടോയെയും ഒരേ ഓവറിൽ പുറത്താക്കിയപ്പോള്‍ ലങ്ക 71/1 എന്ന നിലയിൽ നിന്നും 71/3 എന്ന നിലയിലേക്ക് വീണു.

ചരിത് അസലങ്ക ഒരു വശത്ത് മിന്നും ഫോമിൽ ബാറ്റ് വീശിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീണത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. വനിന്‍ഡു ഹസരംഗയെ സൈഫുദ്ദീന്‍ പുറത്താക്കിയപ്പോള്‍ ശ്രീലങ്ക 79/4 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

Rajapaksa

32 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ച അസലങ്കയ്ക്ക് തുണയായി ഭാനുക രജപക്സയും അടിച്ച് തകര്‍ത്തപ്പോള്‍ മത്സരത്തിൽ ശ്രീലങ്കന്‍ പ്രതീക്ഷകള്‍ സജീവമായി നിന്നു. അഞ്ചാം വിക്കറ്റിൽ 86 റൺസാണ് അതിവേഗത്തിൽ ഈ കൂട്ടുകെട്ട് നേടിയത്. ബംഗ്ലാദേശ് ഫീൽഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിട്ട് കൂടി സഹായിച്ചപ്പോള്‍ ലക്ഷ്യം 24 പന്തിൽ 24 ആയി മാറി.

52 പന്തിൽ 86 റൺസാണ് കൂട്ടുകെട്ട് നേടിയത്. 28 പന്തിൽ തന്റെ അര്‍ദ്ധ ശതകം നേടിയ രജപക്സയെയാണ് ലങ്കയ്ക്ക് നഷ്ടമായത്. താരം പുറത്താകുമ്പോള്‍ ലക്ഷ്യം 7 റൺസ് മാത്രം അകലെയായിരുന്നു. 31 പന്തിൽ 53 റൺസാണ് രജപക്സ പുറത്താകുമ്പോള്‍ നേടിയത്.

ചരിത് അസലങ്ക 49 പന്തിൽ പുറത്താകാതെ 80 റൺസുമായി വിജയ റൺസ് ബൗണ്ടറിയിലൂടെ നേടി ലങ്കയെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

 

Previous articleഅടുത്ത ഐ എസ് എൽ ഓഗസ്റ്റിൽ തന്നെ ആരംഭിക്കും, ലോകകപ്പിന് ഇടവേള
Next articleക്രിക്കറ്റ് ലോകം കാത്തിരുന്ന പോരാട്ടം, ടോസ് അറിയാം