ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾക്ക് തിരിച്ചടി ആയിക്കൊണ്ട് ആഴ്സണലിനൊരു പരാജയം കൂടെ. അതിനിർണായകമായ മത്സരത്തിൽ ന്യൂകാസിലിന് മുന്നിലാണ് അർട്ടേറ്റയുടെ ടീം പരാജയപ്പെട്ടത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ന്യൂകാസിലിന്റെ ഇന്നത്തെ വിജയം. ഇതോടെ ആഴ്സണലൊന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ അവരുടെ കൈകളിൽ അല്ലാതെ ആയി.
ഇന്ന് രണ്ടാം പകുതിയിലാണ് ആഴ്സണൽ രണ്ട് ഗോളുകളും വഴങ്ങിയത്. ഇടതു വിങ്ങിൽ നിന്ന് വന്ന ഒരു ക്രോസ് ക്ലിയർ ചെയ്യുന്നതിന് ഇടയിൽ ആഴ്സണൽ ഡിഫൻഡർ ബെൻ വൈറ്റ് സ്വന്തം പോസ്റ്റിലേക്ക് തന്നെ ആ പന്ത് ഇടുകയായിരുന്നു. ഈ ഗോളിന് ശേഷം 85ആം മിനുട്ടിൽ ബ്രൂണോ ഗുയിമറസ് ന്യൂകാസിലിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി. ബ്രൂണോ ജനുവരിയിൽ ന്യൂകാസിൽ എത്തിയ ശേഷം നേടുന്ന അഞ്ചാം ഗോളാണിത്.
ഈ പരാജയത്തോടെ ആഴ്സണൽ 37 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. 68 പോയിന്റുമായി സ്പർസ് ആണ് നാലാമത് ഉള്ളത്. ഇനി അവസാന മത്സരത്തിൽ സ്പർസ് പരാജയപ്പെട്ടാൽ മാത്രമെ ആഴ്സണലിന് ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയുള്ളൂ.