അരങ്ങേറ്റത്തില്‍ ഹാട്രിക്കുമായി അലിസ് ഇസ്ലാം, 2 റണ്‍സ് ജയം സ്വന്തമാക്കി ധാക്ക ഡൈനാമൈറ്റ്സ്

Sports Correspondent

ആവേശപ്പോരാട്ടത്തില്‍ രംഗ്പൂര്‍ റൈഡേഴ്സിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച് ധാക്ക ഡൈനാമൈറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച അലിസ് ഇസ്ലാമിന്റെ ഹാട്രിക്ക് നേട്ടമാണ് മത്സരം രംഗ്പൂര്‍ റൈഡേഴ്സില്‍ നിന്ന് തട്ടിയെടുത്തത്. മുഹമ്മദ് മിഥുന്‍, മഷ്റഫെ മൊര്‍തസ, ഫര്‍ഹദ് റീസ എന്നിവരെ വീഴ്ത്തിയാണ് ധാക്ക ഡൈനാമൈറ്റ്സിനെ മത്സരത്തിലേക്ക് അലിസ് തിരികെ കൊണ്ടുവന്നത്. 83 റണ്‍സ് നേടിയ റിലി റൂസോവും 49 റണ്‍സ് നേടിയ മുഹമ്മദ് മിഥുനും മത്സരം തട്ടിയെടുക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് റൂസോവിനെ പുറത്താക്കി അലിസ് ഇസ്ലാം ആദ്യ പ്രഹരം ഏല്പിക്കുന്നത്.

തന്റെ തൊട്ടടുത്ത ഓവറിലാണ് ഹാട്രിക്ക് നേട്ടം അലിസ് ഇസ്ലാം പൂര്‍ത്തിയാക്കുന്നത്. 184 റണ്‍സ് നേടേണ്ടിയിരുന്ന രംഗ്പൂര്‍ റൈഡേഴ്സിനു 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമേ നേടാനായുള്ളു. അലിസ് നാല് വിക്കറ്റ് നേടിയപ്പോള്‍ സുനില്‍ നരൈന്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ധാക്ക ഡൈനാമൈറ്റ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടുകയായിരുന്നു. 26 പന്തില്‍ നിന്ന് 62 റണ്‍സ് നേടിയ കീറണ്‍ പൊള്ളാര്‍ഡിനൊപ്പം ആന്‍ഡ്രേ റസ്സല്‍(23), ഷാക്കിബ് അല്‍ ഹസന്‍(36) എന്നിവരാണ് ധാക്ക നിരയില്‍ തിളങ്ങിയത്. ഷൈഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റും സൊഹാഗ് ഗാസി, ബെന്നി ഹോവല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി രംഗ്പൂര്‍ ബൗളര്‍മാരില്‍ തിളങ്ങി.