അൽകാരസ് യുഗത്തിലേക്ക് സ്വാഗതം! യു.എസ് ഓപ്പൺ കിരീടം നേടി 19 കാരൻ! ലോക ഒന്നാം നമ്പർ ആവുന്ന ആദ്യ ടീനേജർ

Wasim Akram

20220912 051425
Download the Fanport app now!
Appstore Badge
Google Play Badge 1

ടെന്നീസിന്റെ ഭാവി താൻ തന്നെയാണ് എന്നു ഉറപ്പിച്ച പ്രകടനവും ആയി 19 കാരൻ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ യു.എസ് ഓപ്പൺ കിരീടം ഉയർത്തി. മൂന്നാം സീഡ് ആയ അൽകാരസ് അഞ്ചാം സീഡ് കാസ്പർ റൂഡിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പർ ആയും അൽകാരസ് മാറി. പുരുഷ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ഒന്നാം നമ്പർ താരമായും ഇതോടെ അൽകാരസ്. 19 വയസ്സും നാലു മാസവും 6 ദിവസവും മാത്രം പ്രായമുള്ളപ്പോൾ ആണ് അൽകാരസ് ചരിത്രം തിരുത്തി എഴുതിയത്. 2005 ൽ നദാലിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ അൽകാരസ്, 1990 ലെ പീറ്റ് സാമ്പ്രസിന് ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ യു.എസ് ഓപ്പൺ ചാമ്പ്യനും ആയി മാറി.

യു.എസ് ഓപ്പൺ

ചരിത്രത്തിൽ ആദ്യമായി ആണ് ടീനേജ് താരം പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ ആവുന്നത്. മികച്ച മത്സരം ആണ് ആർതർ ആഷെ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ആദ്യ സെറ്റിൽ തന്നെ ബ്രേക്ക് പോയിന്റുകൾ രക്ഷിച്ച അൽകാരസ് ബ്രേക്ക് പോയിന്റുകൾ സൃഷ്ടിച്ചു. ചിലത് രക്ഷിക്കാൻ റൂഡിന് ആയെങ്കിലും ഒടുവിൽ ബ്രേക്ക് കണ്ടത്തിയ അൽകാരസ് സെറ്റ് 6-4 നു സ്വന്തം പേരിലാക്കി. രണ്ടാം സെറ്റിൽ എന്നാൽ റൂഡ് ശക്തമായി തിരിച്ചു വന്നു. കളം മുഴുവൻ നിറഞ്ഞു കളിച്ച റൂഡ് ഒടുവിൽ ഒരു ബ്രേക്ക് നേടി. ഇടക്ക് തന്റെ മികവ് കൈവിട്ട അൽകാരസിനെ ഈ സെറ്റിൽ ഒരിക്കൽ കൂടി ബ്രേക്ക് ചെയ്ത റൂഡ് സെറ്റ് 6-2 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ അവിശ്വസനീയ ഷോട്ട് ഉതിർത്ത അൽകാരസ് റൂഡിനെ ബ്രേക്ക് ചെയ്തു. എന്നാൽ തിരിച്ചു ബ്രേക്ക് ചെയ്ത റൂഡ് തിരിച്ചടിച്ചു.

യു.എസ് ഓപ്പൺ

തുടർന്ന് രണ്ടു തവണ തന്റെ സർവീസിൽ സെറ്റ് പോയിന്റുകൾ വഴങ്ങിയ അൽകാരസ് ഇത് രണ്ടും കടുത്ത സമ്മർദ്ദത്തിലും രക്ഷിച്ചു. തുടർന്ന് സെറ്റ് ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ അവിശ്വസനീയ മികവ് കാണിച്ച അൽകാരസ് മൂന്നാം സെറ്റ് 7-6(7-1) എന്ന സ്കോറിന് സ്വന്തം പേരിൽ കുറിച്ചു. നാലാം സെറ്റിൽ തുടക്കത്തിൽ ഇരു താരങ്ങൾക്കും സർവീസ് നിലനിർത്താൻ ആയി. എന്നാൽ തുടർന്ന് ബ്രേക്ക് കണ്ടത്തിയ അൽകാരസ് മത്സരം 2 ഹോൾഡ് മാത്രം അകലെയാക്കി. തുടർന്ന് തന്റെ സർവീസ് നിലനിർത്തിയ അൽകാരസ് ചരിത്രം സൃഷ്ടിച്ചു. ഒരു മാച്ച് പോയിന്റ് രക്ഷിക്കാൻ ആയെങ്കിലും സെറ്റ് 6-3 നു കൈവിട്ട റൂഡ് മത്സരം അടിയറവ് പറഞ്ഞു.

യു.എസ് ഓപ്പൺ

മത്സരത്തിൽ 14 ഏസുകൾ ഉതിർത്ത അൽകാരസ് നാലാം സെറ്റിൽ അടക്കം സമ്മർദ്ദത്തിൽ തന്റെ സർവീസ് മികവ് ഉയർത്തി. ഈ വർഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നദാലിന് മുന്നിൽ പരാജയം ഏറ്റു വാങ്ങിയ റൂഡ് യു.എസ് ഓപ്പൺ ഫൈനലിലും പരാജയപ്പെട്ടു. എങ്കിലും ലോക രണ്ടാം റാങ്കിൽ എത്താൻ നോർവീജിയൻ താരത്തിന് ആയി. ഏറ്റവും പ്രായം കുറഞ്ഞ ലോക ഒന്നാം നമ്പർ, 19 മത്തെ വയസ്സിൽ യു.എസ് ഓപ്പൺ കിരീടം അടക്കം നേടിയ അൽകാരസ് ടെന്നീസിന്റെ ഭാവി താൻ എന്നു തന്നെ ഉറപ്പിച്ചു പറയുകയാണ്. ഒരു ഗ്രാന്റ് സ്‌ലാം ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കളത്തിൽ സമയം ചിലവഴിക്കുന്ന റെക്കോർഡും താരം സ്വന്തം പേരിലാക്കി. ബിഗ് 3 യുഗത്തിന് ശേഷം കാർലോസ് അൽകാരസ് യുഗം ആണ് വരാൻ ഇരിക്കുന്നത് എന്ന സൂചന തന്നെയാണ് ഈ യു.എസ് ഓപ്പൺ നൽകുന്നത്.