ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് സിംബാബ്‍വേ, ടി20 പരമ്പര സ്വന്തം

ബംഗ്ലാദേശിനെതിരെ ഇതാദ്യമായാണ് സിംബാബ്‍വേ ഒരു ടി20 പരമ്പര വിജയിക്കുന്നത്

ബംഗ്ലാദേശിനെതിരെ 10 റൺസ് വിജയവുമായി ടി20 പരമ്പര സ്വന്തമാക്കി സിംബാബ്‍വേ. ആദ്യ മത്സരത്തിൽ സിംബാബ്‍വേ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനായിരുന്നു വിജയം. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 156/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് 146 റൺസ് മാത്രമാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

ബംഗ്ലാദേശിനെതിരെ ഇതാദ്യമായാണ് സിംബാബ്‍വേ ഒരു ടി20 പരമ്പര വിജയിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ക്കായി 28 പന്തിൽ 54 റൺസ് നേടിയ റയാന്‍ ബര്‍ളും 35 റൺസ് നേടിയ ലൂക്ക് ജോംഗ്വിയും ആണ് റൺസ് കണ്ടെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി അഫിഫ് ഹൊസൈന്‍ പുറത്താകാതെ 38 റൺസ് നേടിയെങ്കിലും താരത്തിന് ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. സിംബാബ്‍വേയ്ക്കായി വിക്ടര്‍ ന്യൗച്ചി മൂന്ന് വിക്കറ്റ് നേടി.