6 താരങ്ങള്‍ പൂജ്യത്തിനു പുറത്ത്, ന്യൂസിലാണ്ടിന്റെ നടുവൊടിച്ച് യസീര്‍ ഷാ

- Advertisement -

50/0 എന്ന നിലയില്‍ നിന്ന് 72/8 എന്ന നിലയിലേക്കും പിന്നീട് 90 റണ്‍സിനു ഓള്‍ഔട്ടുമായി ന്യൂസിലാണ്ട്. ജീത്ത് റാവലും ടോം ലാഥവും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് നേടി ന്യൂസിലാണ്ടിനെ മെല്ലെ മുന്നോട്ട് നയിക്കുമ്പോളാണ് യസീര്‍ ഷാ രംഗത്തെത്തുന്നത്. തന്റെ രണ്ട് ഓവറുകളിലായി ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട യസീര്‍ ഷാ ഒരു ട്രിപ്പിള്‍ വിക്കറ്റ് മെയിഡിനും മത്സരത്തില്‍ സ്വന്തമാക്കി.

ജീത്ത് റാവലിനെ(31) പുറത്താക്കിയ ശേഷം തന്റെ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ടോം ലാഥമിനെ(21) പുറത്താക്കിയ യസീര്‍ ഷാ ഒന്നിടവിട്ട പന്തുകളില്‍ റോസ് ടെയിലറെയും ഹെന്‍റി നിക്കോളസിനെയും മടക്കിയയച്ചു. ഇരു താരങ്ങളും പൂജ്യത്തിനാണ് പുറത്തായത്. വാട്ളിംഗ് ഒരു റണ്‍സ് നേടി റണ്ണൗട്ടായപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോമിനെ പൂജ്യത്തിനു ഹസന്‍ അലി പുറത്താക്കി. ഇഷ് സോധിയും നീല്‍ വാഗ്നറും യസീര്‍ ഷായ്ക്ക് ഇരയായി മടങ്ങിയപ്പോള്‍ ഇരുവരും അക്കൗണ്ട് തുറന്നിരുന്നില്ല.

35.3 ഓവറില്‍ ന്യൂസിലാണ്ട് 90 റണ്‍സിനു ഓള്‍ഔട്ട് ആവുമ്പോള്‍ കെയിന്‍ വില്യംസണ്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. 8 വിക്കറ്റാണ് യസീര്‍ ഷാ നേടിയത്. ന്യൂസിലാണ്ടിനോട് പാക്കിസ്ഥാന്‍ ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement