ഷഹീന്‍ അഫ്രീദിയുടെ പന്ത് തലയിൽ കൊണ്ടപ്പോള്‍ തനിക്ക് നല്ല ഭയം ഉണ്ടായിരുന്നു – യാസിര്‍ അലി

Sports Correspondent

ഷഹീന്‍ അഫ്രീദി എറിഞ്ഞ പന്ത് തലയിൽ കൊണ്ട് ബംഗ്ലാദേശ് അരങ്ങേറ്റക്കാരന്‍ യാസിര്‍ അലി മടങ്ങുമ്പോള്‍ തനിക്ക് പേടിയും വേദനയും എല്ലാമായിരുന്നുവെന്ന് പറഞ്ഞ് താരം. ആദ്യ ടെസ്റ്റിനിടെ താരം 36 റൺസ് നേടി നില്‍ക്കുമ്പോളാണ് ഈ സംഭവം.

കൺകഷന് വിധേയനായ താരത്തിന് പകരം നൂറുള്‍ ഹസന്‍ ആണ് പിന്നീട് കളിക്കളത്തിലിറങ്ങിയത്. സ്കാനുകളിൽ കുഴപ്പമൊന്നും കണ്ടില്ലെങ്കിലും യാസിര്‍ അലിയെ നിരീക്ഷണത്തിൽ വെയ്ക്കുവാനാണ് തീരുമാനമുണ്ടായത്.

തനിക്ക് തുടക്കത്തിൽ ഭയവും പിന്നീട് വേദനയും തോന്നിയെന്നും അതിന് ശേഷം താന്‍ കളിച്ച രീതി പ്രകാരം തുടര്‍ന്ന് കളിക്കുവാനാകില്ലല്ലോ എന്ന കാര്യവും തന്നെ അലട്ടിയെന്നും യാസിര്‍ പറഞ്ഞു.

തനിക്ക് ടീമിനെ മികച്ച നിലയിലേക്ക് എത്തിക്കാനാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും അതിന് കഴിയാതെ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങേണ്ടി വന്നതിൽ സങ്കടമുണ്ടെന്നും താരം പറഞ്ഞു.