സെമിയിൽ നാണക്കേടായി അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ്, 56 റൺസിന് പുറത്ത്

ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ 56 റൺസിന് പുറത്തായി അഫ്ഗാനിസ്ഥാന്‍. ഓസ്ട്രേലിയയെ അട്ടിമറിച്ചും ബംഗ്ലാദേശിനെ അവസാന മത്സരത്തിൽ ത്രില്ലറിൽ പരാജയപ്പെടുത്തിയും സെമിയിലെത്തിയ ടീമിന് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 11.5 ഓവറിൽ 56 റൺസ് നേടിയപ്പോളേക്കും ഓള്‍ഔട്ട് ആകുകയായിരുന്നു.

10 റൺസ് നേടിയ അസ്മത്തുള്ളയാണ് ടീമിന്റെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയും മാര്‍ക്കോ ജാന്‍സനും മൂന്ന് പോയിന്റ് നേടിയപ്പോള്‍ കാഗിസോ റബാഡയും ആന്‍റിക് നോര്‍ക്കിയയും 2 വീതം വിക്കറ്റ് നേടി.

പകവീട്ടണം!! ഇന്ന് സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിന് എതിരെ

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. 2022 ലോകകപ്പ് സെമി ഫൈനലിന്റെ ആവർത്തനമാണ് ഈ മത്സരം. അന്ന് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ച് ആയിരുന്നു സൈയിലേക്കും കിരീടത്തിലേക്കും മുന്നേറിയത്. ആ ഫലത്തിന്റെ കണക്കു തീർക്കുക കൂടെയാകും ഇന്ത്യയുടെ ലക്ഷ്യം.

ഇതുവരെ കളിച്ച എല്ലാ മത്സരവും വിജയിച്ചാണ് ഇന്ത്യ സെമി ഫൈനലിലേക്ക് എത്തിയത്‌. ഇന്ത്യ ഇന്ന് ടീമിൽ മാറ്റങ്ങൾ ഒന്നും വരുത്താൻ സാധ്യതയില്ല. വിരാട് കോഹ്ലി, ജഡേജ എന്നിവരുടെ ഫോം മാത്രമാണ് ഇന്ത്യക്ക് ആശങ്ക നൽകുന്നത്. ബാക്കി എല്ലാ താരങ്ങളും ഇതിനകം ഫോമിൽ എത്തിയിട്ടുണ്ട്.

ഇന്ന് സെമി ഫൈനലിന് മഴയുടെ വലിയ ഭീഷണിയുണ്ട്. മഴ കാരണം മത്സരം നടന്നില്ല എങ്കിൽ ഇന്ത്യ ആകും ഫൈനലിൽ എത്തുക. സൂപ്പർ 8 ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്തത് ഈ സാഹചര്യത്തിൽ ഇന്ത്യക്ക് തുണയാകും. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

ഇന്ത്യ ഇംഗ്ലണ്ട് സെമിഫൈനലിന് മഴയുടെ വൻ ഭീഷണി, കളി നടന്നില്ല എങ്കിൽ ഇന്ത്യ ഫൈനലിൽ?

നാളെ നടക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പ് സെമി ഫൈനലിന് മഴയുടെ വലിയ ഭീഷണി. മഴ കളി തടസ്സപ്പെടുത്തും എന്നാണ് എല്ലാ സൂചനകളും. ല്ല് ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്.

ഗയാനയിൽ കഴിഞ്ഞ 12 മണിക്കൂറായി ശക്തമായ മഴയാണ്. accuweather.com അനുസരിച്ച്, ഗയാനയിൽ വ്യാഴാഴ്ച രാവിലെ മഴ പെയ്യാനുള്ള സാധ്യത 88% ആണ്. ഒപ്പം 18% ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ട്. മത്സരം പ്രാദേശിക സമയം രാവിലെ 10:30 ന് ആണ് ആരംഭിക്കുക. ഇന്ത്യൻ സമയം രാത്രി 8 മണിക്കും.

ട്രിനിഡാഡിൽ നടക്കുന്ന അഫ്ഗാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സെമി ഫൈനലിന് റിസേർവ് ഡേ ഉണ്ടെങ്കിലും ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിക്ക് റിസേർവ് ഡേ ഇല്ല. പകരം മഴ വന്നാൽ 250 മിനിറ്റോളം അധിക സമയം ഇന്ത്യയുടെ മത്സരത്തിന് അനുവദിച്ചിട്ടുണ്ട്.

ഒരു പന്ത് പോലും എറിയാതെ മഴ കാരണം കളി ഉപേക്ഷിച്ചാൽ സൂപ്പർ 8ൽ ഒന്നാമത് ഫിനിഷ് ചെയ്തത് കൊണ്ട് ഇന്ത്യ ഫൈനലിൽ എത്തും.

ടി20 ലോകകപ്പ് ഇന്ത്യ നേടും എന്ന് ബ്രാഡ് ഹോഗ്

മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ് ഈ ടി20 ലോകകപ്പ് ഇന്ത്യ നേടും എന്ന് പറഞ്ഞു. ഓസ്ട്രേലിയ പുറത്തായതോടെ ഇന്ത്യക്ക് ആണ് എല്ലാ സാധ്യതകളും എന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയ ഇന്ത്യ പോരാട്ടത്തിൽ രോഹിത് ശർമ്മയുടെ ഇന്നിങ്സ് ആണ് കളിയുടെ വിധി നിർണയിച്ചത് എന്നും അദ്ദേഹം പറയുന്നു.

“രോഹിത് ശർമ്മ ഫോം കണ്ടെത്തി എന്നത് ഇന്ത്യൻ ആരാധകരുടെ മുഖത്ത് അൽപ്പം പുഞ്ചിരി വിടർത്തും. ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിക്ക് മാത്രമേ അൽപ്പം ടച്ച് കണ്ടെത്തേണ്ടതുള്ളൂ. ഇന്ത്യ കിരീടം നേടുമെന്ന് തോന്നുന്നു.” ഹോഗ് പറഞ്ഞു.

“ഓസ്‌ട്രേലിയൻ ബൗളർമാർക്ക് മേൽ രോഹിത് ശർമ്മ ആധിപത്യം പുലർത്തി. രോഹിത് ശർമ്മ, മിച്ചൽ സ്റ്റാർക്കിൻ്റെ രണ്ടാം ഓവറിൽ 29 റൺസെടുത്തു, അത് കളിയിൽ വ്യത്യാസമായി.” ഹോഗ് പറഞ്ഞു.

“അഞ്ച് റൺസിൽ നിൽക്കെ ഹാർദിക് പാണ്ഡ്യയുടെ ഈസി ക്യാച്ച് ക്യാപ്റ്റൻ മിച്ചൽ മാർച്ച് വിട്ടതും കളിയിൽ തിരിച്ചടിയായി. അടുത്ത 10 പന്തിൽ പാണ്ഡ്യ 22 റൺസ് നേടി.” ഹോഗ് പറഞ്ഞു.

താൻ വിക്കറ്റുകൾ നേടുന്നതിന് ബുമ്ര ബാറ്റർമാരെ സമ്മർദ്ദത്തിൽ ആക്കുന്നത് കൊണ്ടാണ് – അർഷ്ദീപ്

ഇപ്പോൾ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇടംകൈയ്യൻ പേസർ ഇതുവരെ 15 വിക്കറ്റുകൾ നേടി. ഈ ലോകകപ്പിൽ വിക്കറ്റ് വേട്ടയിൽ ഇപ്പോൾ രണ്ടാം സ്ഥാനത്ത് ആണ് അർഷ്ദീപ് ഉള്ളത്. ബുമ്രയാണ് താൻ ഇത്രയധികം വിക്കറ്റ് നേടാൻ കാരണം എന്ന് അർഷ്ദീപ് പറഞ്ഞു

“ബുമ്ര ബാറ്റർമാരിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നതിനാൽ ഈ വിക്കറ്റ് വേട്ടയുടെ വലിയ ക്രെഡിറ്റ് ബുമ്രയ്ക്ക് ലഭിക്കണം. മൂന്നോ നാലോ റൺസ് മാത്രമാണ് അദ്ദേഹം കൊടുക്കുന്നത്. അതിനാൽ, ബാറ്റ്‌സ്മാൻ എനിക്കെതിരെ ആക്രമിക്കാൻ വരുന്നു, അവർ അങ്ങനെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ, എൻ്റെ ഏറ്റവും മികച്ച പന്ത് എറിയാൻ ഞാൻ ശ്രമിക്കേണ്ടതുണ്ട്, അപ്പോൾ വിക്കറ്റുകൾ നേടാനുള്ള ധാരാളം അവസരങ്ങളുണ്ട്.” അർഷ്ദീപ് പറയുന്നു.

“മറുവശത്ത്, അവർ റൺസ് നേടാൻ ആകുന്നില്ല. നേടേണ്ട റൺ റേറ്റ് കൂടിക്കൊണ്ടൃ ഇരിക്കുന്നു. അപ്പോൾ അത് തനിക്ക് ഗുണമായി മാറുന്നു. ബാറ്റർമാർ എനിക്കെതിരെ കൂടുതൽ റിസ്ക് എടുക്കുന്നു, അവിടെ എപ്പോഴും ഒരു വിക്കറ്റ് നേടാനുള്ള അവസരമുണ്ട്. അതിനാൽ എൻ്റെ വിക്കറ്റുകളുടെ ക്രെഡിറ്റ് ജസ്പ്രീത്തിനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ജഡേജയെ ആരും ചോദ്യം ചെയ്യേണ്ട. ഫീൽഡിൽ മാത്രം 30 റൺസ് സേവ് ചെയ്യുന്നുണ്ട്” – ഗവാസ്കർ

ഈ ലോകകപ്പിൽ ഇതുവരെ ഫോമിൽ എത്താത്ത ജഡേജയെ പിന്തുണച്ച് സുനിൽ ഗവാസ്കർ രംഗത്ത്. ജഡേജയുടെ അനുഭവപരിചയവും ഫീൽഡിംഗും ടീമിന് വളരെയധികം മൂല്യം കൊണ്ടുവരുന്നുവെന്നും അത് പ്രധാനമാണെന്നും ഗവാസ്‌കർ പറഞ്ഞു.

“അദ്ദേഹം വളരെ പരിചയസമ്പന്നനായതിനാൽ എനിക്ക് ഫോമിൽ ഒട്ടും ആശങ്കയില്ല. ഫീൽഡിൽ തന്നെ തൻ്റെ ഫീൽഡിംഗ് കഴിവ് കൊണ്ട് 20 മുതൽ 30 വരെ റൺസ് അദ്ദേഹം രക്ഷിക്കുന്നുണ്ട്, ക്യാച്ചുകൾ എടുക്കുകയും റണ്ണൗട്ടാകുകയും ചെയ്യുന്നുണ്ട്. ആ 20-30 പ്ലസ് റൺസ് മറക്കരുത്. അവൻ ബാറ്റും പന്തും ഉപയോഗിച്ച് ചെയ്യുന്ന എന്തും ഒരു അധിക മൂല്യമാണ്.” ഗവാസ്കർ പറഞ്ഞു.

“അതിനാൽ ജഡേജയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല എന്ന് ഞാൻ കരുതുന്നു. ഇന്ത്യയുടെയും ഇന്ത്യൻ ആരാധകരുടെയും പ്രശ്‌നം ആണ് ഇത്. 2 മോശം ഗെയിമുകൾ വന്നാൽ ‘അവനെ എന്ത് ചെയ്യണം’ എന്ന ചർച്ചയാണ്” ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“ഈ ചോദ്യങ്ങൾ ചോദിക്കുന്ന ആരും സ്വന്തം ജോലിയെ കുറിച്ച് ചിന്തിക്കുക പോലുമില്ല, അവർ ജോലിയിൽ 2 തെറ്റുകൾ വരുത്തിയിട്ടുണ്ടോ, ആളുകൾ അവരുടെ സ്വന്തം പ്രൊഫഷനിൽ അവരുടെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നുണ്ടോ. ജഡേജയുടെ പ്ലേയിംഗ് ഇലവൻ്റെ സ്ഥാനം നിങ്ങൾ ചോദ്യം ചെയ്യരുത്, അവൻ ഒരു റോക്ക് സ്റ്റാറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങളുടെ രാജ്യത്തിന് ഇത് ആഘോഷമാണ്!! ഈ ടീമിൽ അഭിമാനിക്കുന്നു” റാഷിദ് ഖാൻ

ഒരു ടീമെന്ന നിലയിൽ സെമിഫൈനലിലെത്തുന്നത് ഞങ്ങൾക്ക് ഒരു സ്വപ്നം പോലെയാണ് എന്ന് അഫ്ഗാനിസ്താൻ ക്യാപ്റ്റൻ റാഷിദ് ഖാൻ. ഞങ്ങൾ ടൂർണമെൻ്റ് ആരംഭിച്ച രീതി ആണ് ഇവിടെ വരെ ഞങ്ങളെ എത്തിച്ചത്. ന്യൂസിലൻഡിനെ തോൽപ്പിച്ചപ്പോഴാണ് ഞങ്ങൾക്ക് വിശ്വാസം വന്നത്. റാഷിദ് ഖാൻ പറഞ്ഞു.

“ഇത് അവിശ്വസനീയമാണ്, എൻ്റെ വികാരങ്ങൾ വിവരിക്കാൻ എനിക്ക് വാക്കുകളില്ല. ഈ വലിയ നേട്ടത്തിൽഎല്ലാവരും വളരെ സന്തോഷത്തിലാണ്. ഞങ്ങൾ സെമിഫൈനലിൽ എത്തും എന്ന് പറഞ്ഞ ഒരേയൊരു വ്യക്തി ബ്രയാൻ ലാറയാണ്, ഞങ്ങൾ അത് ശരിയാണെന്ന് തെളിയിച്ചു.

ഈ ടീമിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങളുടെ നാട്ടി ഇത് വലിയ ആഘോഷമായിരിക്കും. ഞങ്ങൾക്ക് വലിയ നേട്ടമാണ് ഇത്. രാജ്യം ഏറെ അഭിമാനിക്കും. സെമിയിലെത്തുക എന്നത് വലിയ കാര്യമാണ്, ഇനി വ്യക്തമായ മനസ്സോടെ പോകണം. ഞങ്ങൾ കാര്യങ്ങൾ ലളിതമായി സൂക്ഷിക്കുകയും ഈ വലിയ അവസരം ആസ്വദിക്കുമെന്ന് ഉറപ്പാക്കുകയും വേണം. റാഷിദ് പറഞ്ഞു.

ഓസ്ട്രേലിയക്ക് നാട്ടിൽ പോകാം!! അഫ്ഗാനിസ്താൻ ലോകകപ്പ് സെമി ഫൈനലിൽ

ലോകകപ്പ് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി കൊണ്ട് അഫ്ഗാനിസ്താൻ സെമി ഫൈനലിൽ. ഇന്ന് ഗംഭീരമായ ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു കൊണ്ട് 8 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്താൻ നേടിയത്. ഇതോടെ ഓസ്ട്രേലിയയും ബംഗ്ലാദേശും ടൂർണമെന്റിൽ നിന്ന് പുറത്ത് ആയി.

അഫ്ഗാൻ ഉയർത്തിയ 116 എന്ന വിജയ ലക്ഷ്യം 12.1 ഓവറിലേക്ക് മറികടന്നാൽ ബംഗ്ലാദേശിന് സെമി ഫൈനലിൽ എത്താമായിരുന്നു. എന്നാൽ ആക്രമിച്ചു കളിക്കാൻ ശ്രമിച്ച ബംഗ്ലാദേശിന് തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുകയാണ് ചെയ്തത്. മഴ ഇടയിൽ വന്നതോടെ ലക്ഷ്യം 19 ഓവറിൽ 114 എന്നാക്കി ചുരുക്കി.

ലിറ്റൺ ദാസ് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. മറ്റു ബാറ്റർമാർ എല്ലാം നിരാശപ്പെടുത്തി‌. ലിറ്റൺ ഒറ്റയ്ക്ക് പൊരുതി കളി അഫ്ഗാനിൽ നിന്ന് അകറ്റി. കളി ബംഗ്ലാദേശിന് ജയിക്കാൻ 9 പന്തിൽ 9 എന്നായി. നവീനുൽ ഹഖ് ടസ്കിനെ ബൗൾഡ് ആക്കി കൊണ്ട് അഫ്ഗാന് വീണ്ടും പ്രതീക്ഷ നൽകി.

ബംഗ്ലാദേശിന് ജയിക്കാൻ 8 പന്തിൽ നിന്ന് 9 റൺസ്. ബാക്കിയുള്ള ഒരേ ഒരു വിക്കറ്റ്. അടുത്ത പന്തിൽ മുസ്തഫിസുറിനെ വിക്കറ്റിനു മുന്നിൽ കുരുക്കി കൊണ്ട് അഫ്ഗാൻ വിജയവും സെമിയും ഉറപിച്ചു.

അഫ്ഗാനിസ്താനായി റഷിദ് ഖാൻ 4 വിക്കറ്റുകൾ വീഴ്ത്തി. നവീനുൽ ഹഖും 4 വിക്കറ്റു വീഴ്ത്തി. ബംഗ്ലാദേശിനായി ലിറ്റൺ ദാസ് 54 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്താന് നേടാനായത് 115 റൺസ് മാത്രമായിരുന്നു. ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനായി 43 റൺസ് എടുത്ത ഓപ്പണർ ഗുർബാസ് മാത്രമാണ് തിളങ്ങിയത്. സദ്രാൻ 18 റൺസും എടുത്തു. ബാറ്റിംഗ് ഏറെ ദുഷ്കരമായിരുന്ന മത്സരത്തിൽ അവസാനം റാഷിദ് ഖാൻ 10 പന്തിൽ 19 റൺസ് എടുത്തത് ആണ് അഫ്ഗാന് രക്ഷയായത്.

ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ 3 വിക്കറ്റുകൾ വീഴ്ത്തി. അഫ്ഗാൻ ഇനി സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും. രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും.

അഫ്ഗാനിസ്താന് 115 റൺസ് മാത്രം, 12 ഓവറിൽ ജയിച്ചാൽ ബംഗ്ലാദേശ് സെമിയിൽ

ലോകകപ്പ് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്താന് നേടാനായത് 115 റൺസ് മാത്രം. ഇന്ന് ജയിച്ചാൽ സെമിയിൽ എത്താമായിരുന്ന അഫ്ഗാനിസ്താൻ ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്‌. ഇപ്പോൾ ബംഗ്ലാദേശിനും സെമി സാധ്യത വന്നിരിക്കുകയാണ്. മത്സരം 12.1 ഓവറിലേക്ക് ജയിച്ചാൽ ബംഗ്ലാദേശ് റൺ റേറ്റിൽ ഓസ്ട്രേലിയയെയും അഫ്ഗാനെയും മറികടന്ന് സെമിയിൽ എത്തും.

ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനായി 43 റൺസ് എടുത്ത ഓപ്പണർ ഗുർബാസ് മാത്രമാണ് തിളങ്ങിയത്. സദ്രാൻ 18 റൺസും എടുത്തു. ബാറ്റിംഗ് ഏറെ ദുഷ്കരമായിരുന്ന മത്സരത്തിൽ അവസാനം റാഷിദ് ഖാൻ 10 പന്തിൽ 19 റൺസ് എടുത്തത് ആണ് അഫ്ഗാന് രക്ഷയായത്.

ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ 3 വിക്കറ്റുകൾ വീഴ്ത്തി. ഇപ്പോൾ മഴ കാരണം മത്സരം നിർത്തിവെച്ചിരിക്കുകയാണ്.

ഈ ഫോമിൽ ഉള്ളപ്പോൾ രോഹിതിനെ തടയുക പ്രയാസമാണ് – മിച്ചൽ മാർഷ്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ്. രോഹിത് ശർമ്മയുടെ ബാറ്റിംഗ് പ്രകടനം അവിശ്വസനീയമായിരുന്നു എന്നും അദ്ദേഹം ഈ ഫോമിൽ ഉള്ളപ്പോൾ തടയുക പ്രയാസമാണെന്നും മാർഷ് പറഞ്ഞു. രോഹിത് ശർമ്മ ഓസ്ട്രേലിയക്ക് എതിരെ 42 പന്തിൽ നിന്ന് 92 റൺസ് അടിച്ചിരുന്നു.

“ഈ പരാജയം നിരാശാജനകമാണ്. ക്രിക്കറ്റ് കളിയിൽ അത് സംഭവിക്കും. 40 ഓവറുകളിൽ ചെറിയ മാർജിനുകൾ മതി. ഇന്ത്യ ഇന്ന് മികച്ച ടീമായിരുന്നു, രോഹിത് മികച്ച കളിക്കാരനാണ്. അദ്ദേഹം ഈ ഫോമിൽ ഉണ്ടാകുമ്പോൾ കാര്യങ്ങൾ എളുപ്പമല്ല. രോഹിത് ഇന്നത്തെ ജയത്തിൽ ക്രെഡിറ്റ് അർഹിക്കുന്നു.” മാർഷ് പറയുന്നു.

“ഇന്ത്യയുടെ ബൗളർമാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മാർഷ് മത്സര ശേഷം പറഞ്ഞു.

സെഞ്ച്വറി ലക്ഷ്യമല്ല, അറ്റാക്ക് ചെയ്ത് കളിക്കുക ആണ് ലക്ഷ്യം – രോഹിത് ശർമ്മ

ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യയുടെ ഹീറോ ആയ രോഹിത് ശർമ്മക്ക് 8 റൺസിന് സെഞ്ച്വറി നഷ്ടമായിരുന്നു. എന്നാൽ സെഞ്ച്വറിയെ കുറിച്ച് താൻ ഓർത്തു പോലും ഇല്ലയെന്നും സെഞ്ച്വറി ഇവിടെ പ്രധാനമല്ല എന്നും രോഹിത് ശർമ്മ മത്സര ശേഷം പറഞ്ഞു. ആക്രമിച്ചു കളിക്കുകയാണ് ചെയ്യേണ്ടത്. അതാണ് പ്രധാനം എന്നും രോഹിത് പറഞ്ഞു.

“പവർപ്ലേയിൽ താൻ ഇങ്ങനെ ആക്രമിച്ചു കളിക്കുകയാണ് ചെയ്യേണ്ടത്, ബൗളർമാർ എന്താണ് ചെയ്യുന്നതെന്ന് നോക്കുക, അതിനനുസരിച്ച് കളിക്കുക. സാധ്യമായതെല്ലാം അടിക്കണമെന്ന് ഞാൻ ചിന്തിച്ചു. നിങ്ങൾക്ക് ഫീൽഡിൻ്റെ എല്ലാ വശങ്ങളിലേക്കും പ്രവേശിക്കാൻ കഴിയും, അതാണ് ഞാൻ ചെയ്യാൻ ശ്രമിച്ചത്. ഇതൊരു നല്ല വിക്കറ്റാണ്.” രോഹിത് പറഞ്ഞു.

“50ഉം 100ഉം എനിക്ക് പ്രശ്നമല്ലെന്ന് ഞാൻ നിങ്ങളോട് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. ബൗളർമാരെ സമ്മർദ്ദത്തിലാക്കണം, അതിന് വലിയ സ്‌കോറുകൾ വേണം. രോഹിത് പറഞ്ഞു.

പക വീട്ടണം, ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്ക് മുന്നിൽ ഇംഗ്ലണ്ട്

ഇന്ത്യ ലോകകപ്പ് സെമി ഫൈനലിൽ ഇനി ഇംഗ്ലണ്ടിനെ നേരിടും. 2022 ലോകകപ്പിൽ സെമിഫൈനലിൽ നടന്ന മത്സരത്തിന്റെ ആവർത്തനമാണ് ഇത്. അന്ന് സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടായിരുന്നു ഇന്ത്യ കിരീട മോഹങ്ങൾ അവസാനിപ്പിക്കേണ്ടി വന്നത്. അന്നത്തെ കണക്ക് തീർക്കാനുള്ള ഒരു അവസരമാകും ഇന്ത്യക്ക് ഇപ്പോൾ മുന്നിൽ വന്നിരിക്കുന്നത്.

ഇതുവരെ ഈ ലോകകപ്പിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ സൂപ്പർ 8ഉം കടന്ന് സെമിയിലേക്ക് എത്തുന്നത്. ഇംഗ്ലണ്ട് ആകട്ടെ ഈ ടൂർണമെന്റിൽ തുടക്കത്തിൽ അത്ര ഫോമിൽ ആയിരുന്നില്ല എങ്കിലും ഇപ്പോൾ മികച്ച ഫോമിലാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കിരീടം നിലനിർത്താൻ ആകുമെന്ന് തന്നെയുള്ള പ്രതീക്ഷയിലാണ് കളിക്കുന്നത്.

ജൂൺ 27 ഗയാനയിൽ വച്ചാണ് സെമിഫൈനൽ മത്സരം നടക്കുക. ഇന്ത്യ കിരീട പ്രതീക്ഷയിൽ ആണ് ഇപ്പോൾ ഉള്ളത്. ഇന്ന് ഓസ്ട്രേലിയയെ കൂടെ തോൽപ്പിച്ചതോടെ ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടി ആയിട്ടുണ്ട്.

Exit mobile version