Picsart 24 06 25 09 59 33 082

ഓസ്ട്രേലിയക്ക് നാട്ടിൽ പോകാം!! അഫ്ഗാനിസ്താൻ ലോകകപ്പ് സെമി ഫൈനലിൽ

ലോകകപ്പ് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി കൊണ്ട് അഫ്ഗാനിസ്താൻ സെമി ഫൈനലിൽ. ഇന്ന് ഗംഭീരമായ ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു കൊണ്ട് 8 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്താൻ നേടിയത്. ഇതോടെ ഓസ്ട്രേലിയയും ബംഗ്ലാദേശും ടൂർണമെന്റിൽ നിന്ന് പുറത്ത് ആയി.

അഫ്ഗാൻ ഉയർത്തിയ 116 എന്ന വിജയ ലക്ഷ്യം 12.1 ഓവറിലേക്ക് മറികടന്നാൽ ബംഗ്ലാദേശിന് സെമി ഫൈനലിൽ എത്താമായിരുന്നു. എന്നാൽ ആക്രമിച്ചു കളിക്കാൻ ശ്രമിച്ച ബംഗ്ലാദേശിന് തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുകയാണ് ചെയ്തത്. മഴ ഇടയിൽ വന്നതോടെ ലക്ഷ്യം 19 ഓവറിൽ 114 എന്നാക്കി ചുരുക്കി.

ലിറ്റൺ ദാസ് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. മറ്റു ബാറ്റർമാർ എല്ലാം നിരാശപ്പെടുത്തി‌. ലിറ്റൺ ഒറ്റയ്ക്ക് പൊരുതി കളി അഫ്ഗാനിൽ നിന്ന് അകറ്റി. കളി ബംഗ്ലാദേശിന് ജയിക്കാൻ 9 പന്തിൽ 9 എന്നായി. നവീനുൽ ഹഖ് ടസ്കിനെ ബൗൾഡ് ആക്കി കൊണ്ട് അഫ്ഗാന് വീണ്ടും പ്രതീക്ഷ നൽകി.

ബംഗ്ലാദേശിന് ജയിക്കാൻ 8 പന്തിൽ നിന്ന് 9 റൺസ്. ബാക്കിയുള്ള ഒരേ ഒരു വിക്കറ്റ്. അടുത്ത പന്തിൽ മുസ്തഫിസുറിനെ വിക്കറ്റിനു മുന്നിൽ കുരുക്കി കൊണ്ട് അഫ്ഗാൻ വിജയവും സെമിയും ഉറപിച്ചു.

അഫ്ഗാനിസ്താനായി റഷിദ് ഖാൻ 4 വിക്കറ്റുകൾ വീഴ്ത്തി. നവീനുൽ ഹഖും 4 വിക്കറ്റു വീഴ്ത്തി. ബംഗ്ലാദേശിനായി ലിറ്റൺ ദാസ് 54 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്താന് നേടാനായത് 115 റൺസ് മാത്രമായിരുന്നു. ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനായി 43 റൺസ് എടുത്ത ഓപ്പണർ ഗുർബാസ് മാത്രമാണ് തിളങ്ങിയത്. സദ്രാൻ 18 റൺസും എടുത്തു. ബാറ്റിംഗ് ഏറെ ദുഷ്കരമായിരുന്ന മത്സരത്തിൽ അവസാനം റാഷിദ് ഖാൻ 10 പന്തിൽ 19 റൺസ് എടുത്തത് ആണ് അഫ്ഗാന് രക്ഷയായത്.

ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ 3 വിക്കറ്റുകൾ വീഴ്ത്തി. അഫ്ഗാൻ ഇനി സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും. രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും.

Exit mobile version