രണ്ട് റൺസ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടം, അവിടെ നിന്ന് നൂറ് കടന്ന് സ്കോട്‍ലാന്‍ഡ്

Namibia2

നമീബിയയ്ക്കെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സ്കോട്‍ലാന്‍ഡ്. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന സ്കോട്‍ലാന്‍ഡിന് മൂന്ന് വിക്കറ്റാണ് സ്കോര്‍ ബോര്‍ഡിൽ 2 റൺസുള്ളപ്പോള്‍ നഷ്ടമായത്. അവിടെ നിന്ന് 20 ഓവര്‍ അവസാനിക്കുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ 109 റൺസാണ് സ്കോട്‍ലാന്‍ഡ് നേടിയത്. നമീബിയെ തളയ്ക്കാന്‍ ഇതാവുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നുവെങ്കിലും 50നുള്ളിൽ ഓള്‍ഔട്ട് ആയേക്കുമെന്ന ഘട്ടത്തിൽ നിന്ന് നൂറ് കടക്കാനായി എന്നതിൽ സ്കോട്‍ലാന്‍ഡിന് ആശ്വസിക്കാം.

Namibiascotland

നമീബിയയുടെ റൂബന്‍ ട്രംപെൽമാന്‍ മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് നേടി സ്കോട്‍ലാന്‍ഡിന് കനത്ത പ്രഹരം ഏല്പിക്കുകയായിരുന്നു. പിന്നീട് 18/4 എന്ന നിലയിലേക്കും വീണ സ്കോട്‍ലാന്‍ഡിനെ മൈക്കൽ ലീസക്, ക്രിസ് ഗ്രീവ്സ് എന്നിവര്‍ ചേര്‍ന്നാണ് നൂറ് കടത്തിയത്.

അഞ്ചാം വിക്കറ്റിൽ മാത്യു ക്രോസുമായി ലീസക് 39 റൺസ് നേടിയപ്പോള്‍ ആറാം വിക്കറ്റിൽ 36 റൺസാണ് ലീസക്കും ഗ്രീവ്സും ചേര്‍ന്ന് നേടിയത്. 27 പന്തിൽ 44 റൺസ് ആണ് മൈക്കൽ ലീസകിന്റെ സംഭാവന. ക്രോസ് 19 റൺസ് നേടി. ക്രിസ് ഗ്രീവ്സ് 25 റൺസ് നേടി അവസാന പന്തിൽ റണ്ണൗട്ടാകുകയായിരുന്നു.

റൂബന്‍ ട്രംപൽമാന്‍ മൂന്നും ജാന്‍ ഫ്രൈലിങ്ക് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ജെജെ സ്മിട്, ഡേവിഡ് വീസ് എന്നിവര്‍ ഓരോ വിക്കറ്റും നമീബിയയ്ക്കായി നേടി.

Previous articleടോസ് നമീബിയയ്ക്ക്, ഫീൽഡിംഗ് തിര‍ഞ്ഞെടുത്തു
Next articleബറോഡയ്ക്ക് സ്പോൺസര്‍ഷിപ്പുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ്