റഷീദ് ഖാനോട് ഇനി തനിക്ക് ചെന്ന് പറയാം ഞാന്‍ നിന്റെ വിക്കറ്റ് നേടിയെന്ന്

റഷീദ് ഖാന്റെ വിക്കറ്റ് താന്‍ നേടിയെന്ന് ഇനി താരത്തോട് തനിക്ക് ചെന്ന് പറയാമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ഇന്നലെ അഫ്ഗാനിസ്ഥാന്റെ നടുവൊടിച്ച ബൗളിംഗ് പ്രകടനത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ഇമ്രാന്‍ താഹിറിന്റെ പ്രകടനമായിരുന്നു. താഹിര്‍ തന്റെ ഏഴോവറില്‍ നിന്ന് 29 റണ്‍സ് വിട്ട് നല്‍കിയാണ് 4 വിക്കറ്റ് നേടിയത്.

റഷീദ് ഖാനെയും(35) നൂര്‍ അലി സദ്രാനെയും(32) ഉള്‍പ്പെടെ അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍മാരെ രണ്ട് പേരെയും പുറത്താക്കിയത് ഇമ്രാന്‍ താഹിര്‍ ആയിരുന്നു. തനിക്ക് ടീമില്‍ പ്രാധാന്യമേറിയ റോളുണ്ടെന്നും അതിനായി താന്‍ തീവ്ര ശ്രമം തന്നെയാണ് നടത്തുന്നതെന്നും താഹിര്‍ പറഞ്ഞു. ഇന്നത്തെ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഫാസ്റ്റ് ബൗളര്‍മാരാണ് തനിക്കും മറ്റു ബൗളര്‍മാര്‍ക്കുമുള്ള അവസരം ഒരുക്കി നല്‍കിയത്. അവരുടെ സമ്മര്‍ദ്ദം തന്നെ കടന്നാക്രമിക്കുവാന്‍ അഫ്ഗാന്‍ താരങ്ങളെ പ്രേരിപ്പിച്ചുവെന്നും തനിക്ക് വിക്കറ്റുകള്‍ ലഭിച്ചുവെന്നും സീനിയര്‍ താരം വ്യക്തമാക്കി.

ഇന്ന് താന്‍ അധികം വൈവിധ്യങ്ങള്‍ക്ക് ശ്രമിച്ചില്ലെന്നും വിക്കറ്റ്-ടു-വിക്കറ്റ് പന്തെറിയുവാനാണ് ശ്രമിച്ചതെന്നും താഹിര്‍ പറഞ്ഞു. റഷീദ് ഖാന്‍ മികച്ച ഷോട്ടുകള്‍ പുറത്തെടുത്തുവെങ്കിലും താരത്തിന്റെ വിക്കറ്റ് നേടാനായതില്‍ സന്തോഷമുണ്ടെന്നും താഹിര്‍ പറഞ്ഞു.

Previous articleബ്രാത്‍വൈറ്റിനെതിരെ ഐസിസി നടപടി
Next article10 പേരുമായി പെറുവിനെ സമനിലയിൽ പിടിച്ച് വെനിസ്വേല