പൂരന്‍ നാളെയുടെ താരം, വലിയ ഇന്നിംഗ്സുകള്‍ക്കായി കാത്തിരിക്കുന്നു

വിന്‍ഡീസിന്റെ അവസാന പ്രതീക്ഷയായി നിക്കോളസ് പൂരന്‍ ഡര്‍ഹമ്മില്‍ കളം നിറഞ്ഞ് നിന്നുവെങ്കിലും ആഞ്ചലോ മാത്യൂസിന്റെ ഏറെ നാള്‍ കൂടിയുള്ള ഓവറിലെ ആദ്യ പന്തില്‍ പൂരന് കാലിടറിയപ്പോള്‍ 23 റണ്‍സിന്റെ വിജയം ശ്രീലങ്ക പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ നിക്കോളസ് പൂരനെ വാനോളം പുകഴ്ത്തുകയാണ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍.

പൂരന്‍ വളരെ പ്രതീക്ഷ നല്‍കുന്ന താരങ്ങളാണെന്നും ഇത് പോലെ വലിയ കാര്യങ്ങള്‍ താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി. പൂരനില്‍ നിന്ന് ടീം പ്രതീക്ഷിച്ച ഇന്നിംഗ്സാണ് ഇന്നലെയുണ്ടായത്. താരത്തെ ടീമിലെടുത്തതിന് ഒരു കാരണമുണ്ട്, അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഹോള്‍ഡര്‍ പറഞ്ഞു. പൂരന്‍ കൂടുതല്‍ മെച്ചപ്പെട്ട് മികച്ച താരമായി മാറണമെന്നാണ് വിന്‍ഡീസ് ടീമിന്റെ ആഗ്രഹമെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

തങ്ങള്‍ക്ക് കഴിയുന്ന പോലെ വിന്‍ഡീസ് ക്രിക്കറ്റ് നിക്കോളസ് പൂരനെ കാത്ത് സംരക്ഷിക്കുമെന്നും വലിയ പ്രതീക്ഷകളാണ് താരത്തില്‍ തനിക്കുള്ളതെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു. താരത്തിന്റെ കൈവശം എല്ലാത്തരം ഷോട്ടുകളുണ്ടെന്നും ആവശ്യം പോലെ കളിയുടെ ഗതി മാറ്റുവാനുള്ള കഴിവും പൂരനുണ്ടെന്ന് ഹോള്‍ഡര്‍ പറഞ്ഞു.