അണ്ടര്‍ ഡോഗ് ടാഗുകള്‍ സത്യം തന്നെ, അടുത്തിടെ കളിച്ചതില്‍ ബംഗ്ലാദേശ് തന്നെ മുന്നില്‍

ബംഗ്ലാദേശിനെതിരെ ലോകകപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ തങ്ങള്‍ അണ്ടര്‍ ഡോഗുകളാണെന്ന് വിലയിരുത്തപ്പെടുന്നതില്‍ യാതൊരുവിധ പ്രശ്നവുമില്ലെന്ന് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ബംഗ്ലാദേശിനെക്കാള്‍ ക്രിക്കറ്റ് പാരമ്പര്യം വിന്‍ഡീസിനാണെങ്കിലും അടുത്തിടെ നടന്നിട്ടുള്ള മത്സരങ്ങളില്‍ കൂടുതല്‍ മത്സരവും വിജയിച്ചിട്ടുള്ളത് ഏഷ്യന്‍ ടീം ആണ്. അത് തുറന്ന് സമ്മതിക്കുകയാണ് ജേസണ്‍ ഹോള്‍‍ഡറും. കഴിഞ്ഞ് നാല് മത്സരങ്ങളില്‍ നാലിലും വിജയം ബംഗ്ലാദേശിനൊപ്പമാണെങ്കിലും ലോകകപ്പ് എന്നത് തീര്‍ത്തും വ്യത്യസ്തമായ ഘടകം കൂടിയാണെന്ന് ജേസണ്‍ ഹോള്‍ഡര്‍ ഓര്‍മ്മപ്പെടുത്തി.

അടുത്തിടെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാല്‍ ബംഗ്ലാദേശ് തന്നെയാണ് ഫേവറൈറ്റുകളെന്ന് സംശയമില്ല, എന്നാല്‍ ലോകകപ്പ് എന്നാല്‍ വ്യത്യസ്തമായ അന്തരീക്ഷമാണ്, ഇത് തീര്‍ത്തും വിഭിന്നമായ ഒരു ടൂര്‍ണ്ണമെന്റാണെന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. ഈ മത്സരത്തിനു ഞങ്ങള്‍ തയ്യാറായി കഴിഞ്ഞുവെന്നും വിന്‍ഡീസിന്റെ ടൂര്‍ണ്ണമെന്റിലെ സാധ്യതകളും ബംഗ്ലാദേശിനെതിരെയുള്ള നഷ്ട പ്രതാപവും തിരിച്ച് പിടിക്കുവാനുള്ള അവസരമാണ് ഇന്നത്തേതെന്ന് ഹോള്‍ഡര്‍ വ്യക്തമാക്കി.

പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടിയെങ്കിലും പിന്നീട് ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നിരുന്നു വിന്‍ഡീസിനു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ സാധ്യതകള്‍ നിലനിര്‍ത്തുവാന്‍ ഇന്ന് വിന്‍‍ഡീസിനു ജയം അനിവാര്യമാണ്. ഒരു ടീമും എളുപ്പുമുള്ള എതിരാളികളല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ജേസണ്‍ ഹോള്‍ഡര്‍ അവശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ വിജയം ഉറപ്പാക്കുകയാണ് ടീമിന്റെ കൈയ്യിലുള്ള മാര്‍ഗ്ഗമെന്നും പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള മത്സരം മാത്രമാണ് ഇപ്പോള്‍ തങ്ങള്‍ക്ക് മുന്നിലുള്ളത്, അത് വിജയിച്ച് മുന്നോട്ട് പോകുക എന്നതാണ് ഇപ്പോളത്തെ ലക്ഷ്യമെന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

Previous articleഅവിശ്വസനീയം, മനോഹരം, ബാബര്‍ അസമിനെ പുറത്താക്കിയ കുല്‍ദീപിന്റെ പന്തിനെക്കുറിച്ച് വിരാട് കോഹ്‍‍ലി
Next articleആരാധകരുടെ അതേ ആവേശത്തിലല്ല ഞങ്ങള്‍ ക്രിക്കറ്റര്‍മാര്‍ ഇത്തരം മത്സരങ്ങളെ സമീപിക്കുക