തകര്‍ത്താടി സോഫി ഡിവൈന്‍, ശ്രീലങ്കയ്ക്കെതിരെ അനായാസ വിജയവുമായി ന്യൂസിലാണ്ട്

വനിത ലോക ടി20യുടെ ഭാഗമായി ഇന്ന് നടന്ന മത്സരത്തില്‍ ന്യൂസിലാണ്ടിന് ഏഴ് വിക്കറ്റ് വിജയം. ശ്രീലങ്കയ്ക്കെതിരെയാണ് ന്യൂസിലാണ്ടിന്റെ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 127/7 എന്ന സ്കോര്‍ മാത്രമാണ് നേടിയത്. ഒന്നാം വിക്കറ്റില്‍ ഹസിനി പെരേരയും(20) ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടുവും ചേര്‍ന്ന് 64 റണ്‍സ് നേടിയ ശേഷം പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്.

ചാമരി അട്ടപ്പട്ടു 41 റണ്‍സും ഹര്‍ഷിത മാധവി 27 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണത് ലങ്കയുടെ റണ്ണൊഴുക്കിനെ ബാധിച്ചു. ന്യൂസിലാണ്ടിനായി ഹെയ്‍ലി ജെന്‍സന്‍ മൂന്നും അമേലിയ കെര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടിയാണ് ന്യൂസിലാണ്ടിന്റെ വിജയം. 55 പന്തില്‍ നിന്ന് 75 റണ്‍സുമായി പുറത്താകാതെ നിന്ന സോഫി ഡിവൈന്‍ ആണ് ന്യൂസിലാണ്ടിന്റെ വിജയ ശില്പി. മാഡി ഗ്രീന്‍ 29 റണ്‍സ് നേടി.