ഓള്‍റൗണ്ട് വിജയവുമായി ഓസ്ട്രേലിയ, ബംഗ്ലാദേശിനെതിരെ 86 റണ്‍സ് വിജയം

വനിത ടി20 ലോകകപ്പില്‍ മികവാര്‍ന്ന വിജയവുമായി ഓസ്ട്രേലിയ. ഓപ്പണിംഗ് കൂട്ടുകെട്ടായ അലൈസ ഹീലിയും(83) ബെത്ത് മൂണിയും(83) കളംനിറഞ്ഞാടി നേടിക്കൊടുത്ത 189 റണ്‍സെന്ന ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ബംഗ്ലാദേശിനെ 9 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സിലേക്ക് എറിഞ്ഞൊതുക്കിയാണ് ഓസ്ട്രേലിയയുടെ വിജയം.

36 റണ്‍സ് നേടിയ ഫര്‍ഗാന ഹോക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പൊരുതി നോക്കിയത്. ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ ടി20യുടെ വേഗതയില്‍ സ്കോറിംഗ് നടത്താനാകാതെ വന്നപ്പോള്‍ ടീമിന്റെ തോല്‍വിഭാരം വര്‍ദ്ധിച്ചു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മെഗാന്‍ ഷൂട്ട് മൂന്നും ജെസ്സ് ജോന്നാസെന്‍ രണ്ടും വിക്കറ്റ് നേടി. രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ റണ്ണൗട്ട് രൂപത്തിലും പുറത്തായി.