മെക്സിക്കൻ ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി നദാലും വാവറിങ്കയും

എ. ടി. പി ടൂറിൽ മെക്സിക്കൻ ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി ഒന്നാം സീഡ് റാഫേൽ നദാലും മൂന്നാം സീഡ് സ്റ്റാൻ വാവറിങ്കയും. സീഡ് ചെയ്യാത്ത ക്രൊയേഷ്യൻ താരം മിർമോയിർ കെസ്മോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് നദാൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ സെറ്റിൽ എതിരാളിക്ക് മേൽ വ്യക്തമായ ആധിപത്യം നേടിയ നദാൽ 6-2 നു സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ പൊരുതി നോക്കിയ ക്രൊയേഷ്യൻ താരം 7-5 നു ആണ് സെറ്റ് അടിയറവ് പറഞ്ഞത്. 2 തവണ ബ്രൈക്ക് വഴങ്ങിയ നദാൽ 5 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്.

അതേസമയം സ്പാനിഷ് താരം പെഡ്രോ മാർട്ടിനസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മൂന്നാം സീഡ് സ്വിസ് താരം വാവറിങ്ക മറികടന്നത്. 2 തവണ ബ്രൈക്ക് വഴങ്ങി എങ്കിലും എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്ത വാവറിങ്ക 6-4, 6-4 എന്ന സ്കോറിന് ആണ് ജയം കണ്ടത്. മത്സരത്തിൽ 9 ഏസുകൾ ഉതിർത്ത വാവറിങ്ക ആദ്യ സർവീസിൽ 90 ശതമാനം പോയിന്റുകളിലും ജയം കണ്ടത് ആണ് മത്സരത്തിൽ നിർണായകമായത്. മറ്റൊരു മത്സരത്തിൽ അഡ്രിയാനെ മൂന്ന് സെറ്റ് പോരാട്ടത്തിൽ മറികടന്ന് ഏഴാം സീഡ് ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവും അവസാന എട്ടിൽ എത്തി. രണ്ട് ടൈബ്രെക്കറുകൾ കണ്ട മത്സരത്തിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷം ആയിരുന്നു ദിമിത്രോവിന്റെ ജയം. സ്‌കോർ : 6-7, 6-2, 7-6.