ന്യൂസിലാണ്ടിനു രണ്ടാം തോല്‍വി സമ്മാനിച്ച് ഓസ്ട്രേലിയ, ടീമിന്റെ മൂന്നാം ജയം

വനിത ലോക ടി20യില്‍ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ന്യൂസിലാണ്ടിനെതിരെ 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഓസ്ട്രേലിയ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്നത്. അലൈസ ഹീലിയുടെ ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടീം 20 ഓവറില്‍ നിന്ന് 153/7 എന്ന സ്കോര്‍ നേടുകയായിരുന്നു. അതേ സമയം ന്യൂസിലാണ്ട് 17.3 ഓവറില്‍ 120 റണ്‍സിനു ഓള്‍ഔട്ട് ആയി.

53 റണ്‍സ് നേടിയ അലൈസ ഹീലിയ്ക്ക് പിന്തുണയായി റേച്ചല്‍ ഹെയ്‍നസ്(29), ബെത്ത് മൂണി(26) എന്നിവരും തിളങ്ങിയപ്പോള്‍ ഓസ്ട്രേലിയ 153 എന്ന മിച്ച സ്കോറിലേക്ക് നീങ്ങി. 8 ബൗണ്ടറി ഉള്‍പ്പെടെ 38 പന്തില്‍ നിന്നാണ് ഹീലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. ന്യൂസിലാണ്ടിനായി ലെയ്ഗ് കാസ്പെറെക് മൂന്നും സോഫി ഡിവൈന്‍ രണ്ടും വിക്കറ്റ് നേടി.

ടോപ് ഓര്‍ഡറില്‍ സൂസി ബെയ്റ്റ്സ് 48 റണ്‍സ് നേടി ന്യൂസിലാണ്ടിനായി പൊരുതിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിയ്ക്കാതെ വന്നത് ന്യൂസിലാണ്ടിനു തിരിച്ചടിയായി. കാറ്റി മാര്‍ട്ടിന്‍ 24 റണ്‍സ് നേടിയപ്പോള്‍ മറ്റാര്‍ക്കും തന്നെ വേണ്ടത്ര റണ്‍സ് കണ്ടെത്താനാകാതെ പോയത് ന്യൂസിലാണ്ട് തോല്‍വിയ്ക്ക് കാരണമായി.

മെഗാന്‍ ഷട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സോഫി മോളിനെക്സ്, ഡെലീസ്സ കിമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഓസീസ് ബൗളിംഗ് നിരയില്‍ തിളങ്ങി.