വിന്‍ഡീസിനെ എറിഞ്ഞിട്ട ബംഗ്ലാദേശിന് പക്ഷേ രക്ഷയില്ല, 4 റൺസ് ജയം നേടി കരീബിയന്‍ സംഘം

വനിത ഏകദിന ലോകകപ്പിൽ ഇന്ന് നടന്ന ലോ സ്കോറിംഗ് മത്സരത്തിൽ വിജയം നേടി വെസ്റ്റിന്‍ഡീസ്. ബാറ്റിംഗിൽ വിന്‍ഡീസ് പരാജയപ്പെട്ടപ്പോള്‍ 140 റൺസ് മാത്രമാണ് ടീം 9 വിക്കറ്റ് നഷ്ടത്തിൽ 50 ഓവറിൽ നേടിയത്. മറുപടി ബാറ്റിംഗിൽ അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ബംഗ്ലാദേശ് 136 റൺസിന് ഓള്‍ഔട്ട് ആയി.

ഷൈമൈന്‍ കാംപെൽ പുറത്താകാതെ നേടിയ 53 റൺസായിരുന്നു ഇന്നത്തെ മത്സരത്തിൽ വെസ്റ്റിന്‍ഡീസിനെ 140 റൺസിലേക്ക് എത്തിച്ചത്. ഡിയാന്‍ഡ്ര ഡോട്ടിന്‍(17), ഹെയ്‍ലി മാത്യൂസ്(18), ആഫി ഫ്ലെച്ച‍ർ(17) എന്നിവര്‍ മാത്രമാണ് രണ്ടക്ക സ്കോറിലേക്ക് എത്തിയ മറ്റു താരങ്ങള്‍. സൽമ ഖാത്തുന്‍, നാഹിദ അക്തർ എന്നിവ‍‍ർ ബംഗ്ലാദേശിനായി രണ്ട് വീതം വിക്കറ്റ് നേടി.

Bangladeshwomen

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനും കാര്യങ്ങള്‍ അനുകൂലമായിരുന്നില്ല. ഒരു ഘട്ടത്തിൽ 60/2 എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് പൊടുന്നനെ 60/5 എന്ന നിലയിലേക്ക് വീണു.

ലക്ഷ്യം ചെറുതായിരുന്നുവെങ്കിലും ക്രീസിൽ നിലയുറപ്പിച്ച താരങ്ങള്‍ക്ക് തങ്ങളുടെ തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയപ്പോള്‍ വെസ്റ്റിന്‍ഡീസ് 122/9 എന്ന നിലയിലേക്ക് വീണു.

അവസാന വിക്കറ്റിൽ നാഹിദ അക്തർ പൊരുതി നിന്ന് ലക്ഷ്യം 6 പന്തിൽ 8 റൺസാക്കി മാറ്റി. ആദ്യ പന്തിൽ ഡബിളും രണ്ടാമത്തെ പന്തിൽ സിംഗിളും നാഹിദ നേടിയപ്പോള്‍ ഫരിഹ ട്രിസ്ന അടുത്ത പന്തിൽ പുറത്തായപ്പോള്‍ ബംഗ്ലാദേശ് 136 റൺസിന് ഔട്ട് ആകുകയും 4 റൺസ് വിജയം വിന്‍ഡീസ് നേടുകയും ചെയ്തു. നാഹിദ അക്തര്‍ 22 റൺസിന് പുറത്താകാതെ നിന്നു.