രണ്ടാം ടി20യിൽ വിജയം ന്യൂസിലാണ്ടിന്

ആന്റിഗ്വയിൽ വെസ്റ്റിന്‍ഡീസിനെതിരെ വിജയവുമായി ടി20 പരമ്പരയിൽ ഒപ്പമെത്തി ന്യൂസിലാണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് വെറും 107 റൺസാണ് 5 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് ഒരു പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കി.

42 റൺസ് നേടിയ കൈഷോണ നൈറ്റും 24 റൺസ് നേടിയ ചീനെല്ലേ ഹെന്‍റിയും മാത്രമാണ് ആതിഥേയര്‍ക്കായി ബാറ്റിംഗിൽ തിളങ്ങിയത്. ന്യൂസിലാണ്ടിന് വേണ്ടി ഹെയ്‍ലി ജെന്‍സന്‍ മൂന്നും ഈഡന്‍ കാര്‍സന്‍ രണ്ട് വിക്കറ്റും നേടി.

സൂസി ബെയ്റ്റ്സ് നേടിയ 54 റൺസ് ആണ് ന്യൂസിലാണ്ടിന്റെ വിജയം ഒരുക്കിയത്. 21 റൺസുമായി അമേലിയ കെറും നിര്‍ണ്ണായക സംഭാവന നൽകി. അവസാന ഓവറിൽ 7 റൺസായിരുന്നു ന്യൂസിലാണ്ട് നേടേണ്ടിയിരുന്നത്.