ഷഫാലിയുടെ വെടിക്കെട്ട് തുടക്കത്തിന് ശേഷം ലോറയുടെ മികവാര്‍ന്ന ബാറ്റിംഗ്, സൂപ്പര്‍നോവാസിനെ വീഴ്ത്തി വെലോസിറ്റി

Sports Correspondent

വനിത ടി20 ചലഞ്ചിൽ സൂപ്പര്‍നോവാസിന്റെ രണ്ടാം ജയം എന്ന മോഹങ്ങള്‍ക്ക് തടയിട്ട് വെലോസിറ്റി. ലക്ഷ്യമായ 151 റൺസ് 18.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് വെലോസിറ്റി നേടിയത്. ഷഫാലി വര്‍മ്മയുടെ ഫിഫ്റ്റിയ്ക്കൊപ്പം ലോറ വോള്‍വാര്‍ഡട് നേടിയ 51 റൺസും ആണ് വെലോസിറ്റിയുടെ വിജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസിന് വേണ്ടി 51 പന്തിൽ 71 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറും 36 റൺസ് നേടിയ താനിയ ഭാട്ടിയയും തിളങ്ങിയപ്പോള്‍ ടീം 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി. കേറ്റ് ക്രോസ് വെലോസിറ്റിയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി.

മികച്ച രീതിയിൽ തിരിച്ചടിച്ച വെലോസിറ്റിയ്ക്കായി ഷഫാലി വര്‍മ്മ വെടിക്കെട്ട് പ്രകടനം നടത്തി തന്റെ അര്‍ദ്ധ ശതകം നേടിയെങ്കിലും താരത്തിനെ മികച്ചൊരു ക്യാച്ചിലൂടെ ഹര്‍മ്മന്‍പ്രീത് കൗര്‍ പുറത്താക്കുകയായിരുന്നു. ഡിയാന്‍ഡ്ര ഡോട്ടിനായിരുന്നു വിക്കറ്റ്.

33 പന്തിൽ 51 റൺസായിരുന്നു ഷഫാലിയുടെ സംഭാവന. ഷഫാലി പുറത്തായ ശേഷം ലോറ വോള്‍വാര്‍ഡടും ദീപ്തി ശര്‍മ്മയും നാലാം വിക്കറ്റിൽ 71 റൺസ് നേടിയപ്പോള്‍ വിജയത്തിലേക്ക് ഈ കൂട്ടുകട്ട് വെലോസിറ്റിയെ നയിച്ചു. ക്യാപ്റ്റന്‍ ദീപ്തി ശര്‍മ്മ 24 റൺസ് നേടി പുറത്താകാതെ ലോറയ്ക്ക് മികച്ച പിന്തുണ നൽകി.