2021 ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യ ഓസ്ട്രേലിയയില്‍ കളിക്കാനെത്തും

2021 ഏകദിന ലോകകപ്പിന് തൊട്ട് മുമ്പ് ഓസ്ട്രേലിയയില്‍ പരമ്പരയ്ക്കായി ഇന്ത്യന്‍ വനിതകളെത്തും. ഇന്ത്യയ്ക്ക് പുറമെ ന്യൂസിലാണ്ട് വനിതകളും ഓസ്ട്രേലിയയ്ക്കെതിരെ കളിക്കാനൊരുങ്ങുന്നുണ്ട്. ഇന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ പുതിയ സീസണിലെ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടിരുന്നു. 2020 ലോകകപ്പ് കിരീടം നേടിയ മാര്‍ച്ച് എട്ടിന് ശേഷം ഓസ്ട്രേലിയ ഇതാദ്യമായിട്ടായിരിക്കും ക്രിക്കറ്റില്‍ സജീവമാകുന്നത്.

2021 ഫെബ്രുവരിയിലാണ് ഏകദിന ലോകകപ്പ് ന്യൂസിലാണ്ടില്‍ അരങ്ങേറുക. അതിന് മുമ്പ് സെപ്റ്റംബറില്‍ മൂന്ന് ടി20യ്ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമായി ന്യൂസിലാണ്ട് ഓസ്ട്രേലിയയില്‍ എത്തും. ജനുവരി 2021ല്‍ ആണ് ഇന്ത്യ ഓസ്ട്രേലിയയില്‍ എത്തുന്നത്. മൂന്ന് ഏകദിന മത്സരങ്ങള്‍ക്കായാണ് ഇന്ത്യ എത്തുക.

ലോകകപ്പിന് തൊട്ടുമുമ്പ് ഇരു ടീമുകള്‍ക്കും പരിശീലനത്തിനായി ഈ മത്സരങ്ങളെ ഉപയോഗപ്പെടുത്താം. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഓസ്ട്രേലിയയോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്. 2021 ജനുവരി 22നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. ജനുവരി 28ന് പരമ്പരയിലെ മൂന്നാം മത്സരവും നടക്കും.

Previous articleപാക്കിസ്ഥാന്റെ ഹൈ പെര്‍ഫോമന്‍സ് കേന്ദ്രത്തില്‍ സഖ്‍ലൈനിന് പുതിയ ദൗത്യം
Next articleപ്രീമിയർ ലീഗ് ജൂൺ17 മുതൽ, ആദ്യ മത്സരത്തിൽ ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റി പോരാട്ടം