പാക്കിസ്ഥാന്റെ ഹൈ പെര്‍ഫോമന്‍സ് കേന്ദ്രത്തില്‍ സഖ്‍ലൈനിന് പുതിയ ദൗത്യം

സഖ്‍ലൈന്‍ മുഷ്താഖിനെ പാക്കിസ്ഥാന്റെ ഹൈ പെര്‍ഫോമന്‍സ് കേന്ദ്രത്തിന്റെ അന്താരാഷ്ട്ര താരങ്ങളുടെ വികസനത്തിന്റെ തലവനായി നിയമിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. നിലവിലുള്ള സംവിധാനത്തെ ഉടച്ച് വാര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടികള്‍. സഖ്‍ലൈനിന് പുറമെ ഗ്രാന്റ് ബ്രാഡ്ബേണിനെ ഹൈ പെര്‍ഫോമന്‍സ് കോച്ചിംഗ് തലവനും ആക്കിയിട്ടുണ്ട്.

ന്യൂസിലാണ്ടിന് വേണ്ടി ഏഴ് ടെസ്റ്റുകളും 11 ഏകദിനങ്ങളും കളിച്ച ബ്രാഡ്ബേണ്‍ സ്കോട്‍ലാന്‍ഡിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പാക്കിസ്ഥാന്റെ ഫീല്‍ഡിംഗ് കോച്ചാണ് ഈ മുന്‍ ന്യൂസിലാണ്ട് താരം. ബ്രാഡ്ബേണിന് പകരം പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ് കോച്ചായി ആര് വരുമെന്നത് ഉടന്‍ പ്രഖ്യാപിക്കും.

ബംഗ്ലാദേശ്, വിന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ സ്പിന്‍ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സഖ്‍ലൈന്‍ മുഷ്താഖ്. പാക്കിസ്ഥാന്‍, ക്രിക്കറ്റ് ഓസ്ട്രേലിയ, ന്യൂസിലാണ്ട് ക്രിക്കറ്റ് എന്നിവരുടെ കണ്‍സള്‍ട്ടന്റായും സഖ്‍ലൈന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Previous articleഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ ഫിക്സ്ചറുകളായി
Next article2021 ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യ ഓസ്ട്രേലിയയില്‍ കളിക്കാനെത്തും