വനിത ടെസ്റ്റില്‍ ഇന്ത്യ കളിയ്ക്കാനെത്തുകയാണെങ്കില് ടീമിനു ഏറെ മികവ് പുലര്‍ത്താനാകുമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ്. നിലവില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും മാത്രമാണ് വനിത ടെസ്റ്റ് ക്രിക്കറ്റില്‍ മത്സരിക്കുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ ടെസ്റ്റിലേക്ക് വരണമെന്നാണ് ലാന്നിംഗിന്റെ അഭിപ്രായം. വനിത ടെസ്റ്റില്‍ ആഷസ് രണ്ട് വര്‍ഷത്തില്‍ ആണ് നടക്കുന്നതെങ്കിലും പരമ്പരയില്‍ ഒരു ടെസ്റ്റ് മാത്രമാണുള്ളത്.
ആഷസ് അല്ലാതെ മറ്റൊരു ടെസ്റ്റ് മത്സരം വനിത ക്രിക്കറ്റില്‍ 2014ല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്നതാണ്. തന്റെ ആഗ്രഹം കൂടുതല്‍ ടെസ്റ്റ് രാജ്യങ്ങള്‍ മത്സരിക്കാനായി എത്തുകയെന്നതാണെന്ന് ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍ പറഞ്ഞു. കൂടുതല്‍ ടെസ്റ്റ് കളിക്കണമെന്നാണ് ഓസ്ട്രേലിയയുടെ ആഗ്രഹം എന്നാല്‍ ടെസ്റ്റ് കളിക്കുന്ന മറ്റൊരു രാജ്യം ഇംഗ്ലണ്ട് മാത്രമാണ്.
അതേ സമയം ടെസ്റ്റ് ക്രിക്കറ്റ് വളരുവാന്‍ ലാന്നിംഗിന്റെ അഭിപ്രായത്തില്‍ ഇന്ത്യ കൂടി ടെസ്റ്റ് രംഗത്തേക്ക് എത്തണമെന്നാണ്. കൂടുതല്‍ രാജ്യങ്ങള്‍ വരിക തന്നെയാണ് ടെസ്റ്റ് ക്രിക്കറ്റ് വളരുവാനുള്ള ഏറ്റവും മികച്ച കാര്യം. അതും ഇന്ത്യയാണെങ്കില്‍ അത് ക്രിക്കറ്റിനു തന്നെ ഗുണം ചെയ്യുമെന്നും ലാന്നിംഗ് പറഞ്ഞു.